തിരുവല്ല: കൊടുംവേനലിൽ തിരുമൂലപുരത്തെ കൂറ്റൻ ജലസംഭരണി കാഴ്ചവസ്തുവാണ്. വെള്ളത്തിനായി നാടിന്റെ കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷങ്ങളായി..
തിരുവല്ല നഗരത്തിലെ ഉയർന്ന പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ജലസേചന വകുപ്പ് തയ്യാറാക്കിയ ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായാണ് തിരുമൂലപുരത്ത് ജലസംഭരണി സ്ഥാപിച്ചത്. 15 ലക്ഷം ലിറ്ററാണ് ശേഷി.കുടിവെള്ള പദ്ധതിക്കായി ചെലവിടുന്നത് കിഫ്ബിയിൽ നിന്നുള്ള 58 കോടിയാണ്. നാല് വർഷം മുമ്പ് ആരംഭിച്ച പദ്ധതിയുടെ ജോലികൾ തീർന്നിട്ടില്ല. ജലസംഭരണിയുടെയും ഓഫീസിന്റെയും മറ്റും നിർമ്മാണം പൂർത്തിയായി. എം.സി റോഡിന് കുറുകെ പൈപ്പുകൾ സ്ഥാപിച്ച് ജലവിതരണ കണക്ഷനുകളും നൽകി. കഴിഞ്ഞ ഒക്ടോബറിൽ പരീക്ഷണാടിസ്ഥാനത്തിൽ സംഭരണിയിൽ വെള്ളം നിറച്ചതാണ്. ജനപ്രതിനിധികളും ജല അതോറിറ്റി അധികൃതരും സ്ഥലത്തെത്തി പ്രവർത്തനം വിലയിരുത്തുകയും ചെയ്തു. കല്ലിശേരിയിലെ ശുദ്ധീകരണശാലയിൽ നിന്നാണ് ഈ സംഭരണിയിലേക്ക് ജലമെത്തിക്കുന്നത്. ഇവിടെ നിന്നും അനുബന്ധമായി ഘടിപ്പിച്ച പൈപ്പ് ലൈനുകളിലേക്ക് ഘട്ടം ഘട്ടമായി ജലം തുറന്ന് വിടാനും തകരാറുള്ള ഭാഗങ്ങൾ പരിഹരിക്കാനും ഒക്ടോബറിൽ തീരുമാനിച്ചതാണ്.
ഇൗ മാസം വെള്ളമെത്തുമെന്ന് അധികൃതർ
ഈമാസം തീരുംമുമ്പേ തിരുമൂലപുരത്ത് നിന്ന് കുടിവെള്ള വിതരണം ആരംഭിക്കാനാകുമെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ ഡിസംബർ അവസാനത്തോടെ പദ്ധതി കമ്മിഷൻ ചെയ്യുമെന്ന് വാട്ടർ അതോറിറ്റി പ്രൊജക്ട് അസി.എക്സിക്യുട്ടീവ് എൻജിനീയർ മഞ്ജുമോൾ, അസി.എൻജിനീയർ അൻപുലാൽ എന്നിവർ അറിയിച്ചിരുന്നതാണ്. എന്നാൽ ഒരുമാസം പിന്നിട്ടിട്ടും പ്രഖ്യാപനം നടപ്പായില്ല. പദ്ധതിയുടെ ഭാഗമായി തിരുവല്ല ജല അതോറിറ്റിയിൽ സ്ഥാപിച്ചിരിക്കുന്ന ജലസംഭരണിയുടെയും അനുബന്ധ പൈപ്പ് ലൈനിന്റെയും നിർമ്മാണം അന്തിമഘട്ടത്തിലാണ്. പെയിന്റിംഗ് ഉൾപ്പെടെയുള്ള അവസാന മിനുക്കുപണികൾ നടന്നുവരികയാണ്.
----------------
58 കോടിയുടെ കുടിവെള്ള പദ്ധതി