കോഴഞ്ചേരി: ജില്ലാ ആശുപത്രിയിൽ കഴിഞ്ഞ എട്ട് മാസമായി നിലച്ച കാൻസർ കെയർ സെന്ററിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനം. കാൻസർ രോഗികളുടെ നിരന്തരമായുള്ള പരാതി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കളക്ടർ നരസിംഹു ഗാരി ടി.എൽ. റെഡിയുടെ ഇടപെടലിനെ തുടർന്നാണ് സെന്ററിന്റെ പ്രവർത്തനം പുനരാരംഭിക്കാനായത്. പുതുതായി ചുമതയേറ്റ കളക്ടറുടെ ആദ്യ യോഗത്തിലാണ് ജില്ലയിലെ കാൻസർ രോഗികൾക്ക് ആശ്വാസമേകുന്ന തീരുമാനമുണ്ടായത്. ആഴ്ചയിൽ ഒരു ദിവസം ജില്ലാ ആശുപത്രിയിൽ നിന്ന് റേഡിയോളജിസ്റ്റ് എത്തി മാമ്മോ ഗ്രാം, അൾട്രാ സൗണ്ട് സ്‌കാനിംഗ് എന്നിവ ഇനി നടത്തും. ഓങ്കോളജിസ്റ്റിന്റെ ഒ.പി.യും കീമോ തെറാപ്പി യൂണിറ്റുമാണ് നിലവിൽ പ്രവർത്തിച്ചിരുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് ജില്ലാ ആശുപത്രിയിലെ കാൻസർ സെന്ററിന്റെ പ്രവർത്തനം നിലച്ചത്. തിരുവനന്തപുരം ആർ.സി.സിയിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാരുടെയും സർക്കാരിന്റെ നിർദ്ദേശ പ്രകാരം സ്വകാര്യ ആശുപത്രികളിൽ നിന്നുള്ള റേഡിയോളജിസ്റ്റുകളുടെയും സേവനവും ഇവിടെ മുടങ്ങിയിരുന്നു. കാൻസർ സെന്ററിൽ എത്തി കൊണ്ടിരുന്ന രോഗികൾ ഇതു കാരണം കൊവിഡ് കാലത്ത് തിരുവനന്തപുരത്തെ ആർ.സി.സി വരെ യാത്ര ചെയ്യേണ്ട സാഹചര്യമാണ് ഉണ്ടായിരുന്നത്. കാൻസർ സെന്ററിൽ നിന്ന് ജില്ലാ ഭരണകൂടം ഏറ്റെടുത്ത മുറികൾക്ക് വാടക പുതുക്കി നൽകാനും തീരുമാനമായി. മൂന്നു വർഷം മുൻപ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സി.എസ്.ആർ. ഫണ്ടിൽ നിന്ന് 1.45 കോടി രൂപ ചെലവഴിച്ചാണ് മാമ്മോ ഗ്രാം, അൾട്രാ സൗണ്ട് സ്‌കാനിംഗ് മെഷിനുകൾ സ്ഥാപിച്ചത്. ആർ.സി.സിയിൽ നിന്ന് നേരിട്ട് പരിശീലനം ലഭിച്ച ഡോക്ടർമാരുടെ സേവനവും ഇവിടെ ലഭിച്ചിരുന്നു. പുതിയ തീരുമാനത്തോടെ അതും ഇനി പുനസ്ഥാപിക്കാനാവും.

സെന്റർ പ്രവർത്തിക്കാതിരുന്നതു കാരണം കഴിഞ്ഞ 8 മാസത്തിനിടെ 64 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. എങ്കിലും ജീവനക്കാരുടെയും ഡോക്ടർമാരുടെയും വേതനം മുടക്കിയില്ല. സർക്കാരിൽ നിന്ന് ഇത് തിരികെ ലഭിക്കാനും നടപടി വേണം.
( ഡോ. കെ.ജി. ശശിധരൻ പിള്ള, ഡയറക്ടർ,

കാൻസർ കെയർ

സെന്റർ, ജില്ലാ ആശുപത്രി, കോഴഞ്ചേരി ) .