ele

പത്തനംതിട്ട: കെ.എസ്.ഇ.ബി സേവനങ്ങൾ വീട്ടുപടിക്കലെത്തിക്കുന്ന 'വൈദ്യുതി സേവനങ്ങൾ വാതിൽപ്പടിയിൽ' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് ആറിന് നിർവഹിക്കും. വീഡിയോ കോൺഫറൻസ് വഴി നടക്കുന്ന ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി അദ്ധ്യക്ഷത വഹിക്കും. പത്തനംതിട്ട പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമുള്ള മുനിസിപ്പൽ ഓപ്പൺസ്റ്റേജിൽ നടക്കുന്ന ചടങ്ങിൽ റാന്നി, ആറന്മുള, കോന്നി നിയോജകമണ്ഡലങ്ങളുടെ വാതിൽപ്പടി സേവനങ്ങളുടെ പ്രഖ്യാപനം എം.എൽ.എമാരായ രാജുഏബ്രഹാം, വീണാ ജോർജ്, അഡ്വ.കെ.യു ജനീഷ്‌കുമാർ എന്നിവർ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും.

നഗരസഭ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി, കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ദേവകുമാർ, നഗരസഭ കൗൺസിലർ എസ്.ഷെമീർ, പത്തനംതിട്ട ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ സണ്ണി ജോൺ, പത്തനംതിട്ട ഇലക്ട്രിക്കൽ ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ കെ.സന്തോഷ് എന്നിവർ പ്രസംഗിക്കും.

റാന്നി, ആറൻമുള, കോന്നി മണ്ഡലങ്ങളിൽ സേവനം ലഭ്യമാകും

പ്ലീസ് കോൾ ....1912

കെ.എസ്.ഇ.ബിയുടെ പ്രധാന സേവനങ്ങൾ ബന്ധപ്പെട്ട ഓഫീസിലെത്താതെ 1912 എന്ന കസ്റ്റമർ കെയർ സെന്ററിന്റെ ടോൾഫ്രീ നമ്പറിലേക്കുള്ള ഒറ്റ ഫോൺ കോൾ വഴി ഉറപ്പാക്കാം. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ അപേക്ഷകനെ ബന്ധപ്പെട്ട് ആവശ്യമായ രേഖകൾ ഏതൊക്കെയാണെന്ന് ബോധിപ്പിക്കുകയും സേവനം ലഭ്യമാക്കുന്നതിനുള്ള നടപടി ക്രമങ്ങൾ വിശദമാക്കുകയും ചെയ്യും. തുടർന്ന് ഉദ്യോഗസ്ഥർ വീട്ടിലെത്തി അപേക്ഷ സ്വീകരിച്ച് പരിശോധനകൾ പൂർത്തിയാക്കും. ഇതിനുശേഷം വേണ്ടുന്ന ഫീസ് ഓൺലൈനായോ കൗണ്ടർ മുഖേനയോ അടച്ച് സമയബന്ധിതമായി സേവനം ഉറപ്പാക്കാം. 'വൈദ്യുതി സേവനങ്ങൾ വാതിൽപ്പടിയിൽ' പദ്ധതിപ്രകാരം പുതിയ വൈദ്യുതി കണക്ഷൻ, ഉടമസ്ഥാവകാശം മാറ്റൽ, ഫേസ്/കണക്ഡ് ലോഡ് മാറ്റൽ, താരിഫ് മാറ്റൽ, വൈദ്യുതി ലൈൻ/ മീറ്റർ മാറ്റിവയ്ക്കൽ എന്നീ സേവനങ്ങൾ ലഭ്യമാകും.