 
പത്തനംതിട്ട : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചട്ടലംഘനങ്ങൾ തടയാൻ നിയോഗിച്ച സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ പ്രവർത്തനം സജീവമാക്കണമെന്ന് കൊവിഡ് സ്‌പെഷ്യൽ നോഡൽ ഓഫീസർ കൃഷ്ണ തേജ മൈലാവരപ്പ്. സെക്ടറൽ ഓഫീസർമാർക്കായി ജില്ലാ കളക്ടർ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 36 സെക്ടറൽ മജിസ്‌ട്രേറ്റുമാരെയാണു നിയമിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്കിടയിൽ സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസർ, ക്വാറന്റൈൻ, ഐസോലേഷൻ, കൊവിഡ് ചട്ടങ്ങൾ അനുസരിച്ചുള്ള പരിപാടികളുടെ സംഘാടനം (വിവാഹം, മരണം, ഓഡിറ്റോറിയം, മറ്റുള്ളവ), മൈക്രോ കണ്ടെയ്ന്റ്‌മെന്റ്, റിവേഴ്‌സ് ക്വാറന്റൈൻ, കടകളുടെ പ്രവർത്തനം, ചന്തകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ, പ്രചാരണ പരിപാടികൾ തുടങ്ങിയ കാര്യങ്ങളുടെ നിരീക്ഷണ ചുമതല സെക്ടറൽ ഓഫീസർമാർക്കാണ് നൽകിയിരിക്കുന്നത്. ഇവർ ഇക്കാര്യങ്ങൾ നേരിട്ട് സംസ്ഥാന സർക്കാരിന്റെ ജാഗ്രതാ പോർട്ടലിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഡി.എം.ഒ ഡോ. എ.എൽ. ഷീജ, അഡീഷണൽ എസ്.പി. എ.യു സുനിൽ കുമാർ, ഡെപ്യൂട്ടി കളക്ടർ ആർ.ജ്യോതിലക്ഷ്മി, എൻ.എച്ച്.എം പ്രോഗ്രാം മാനേജർ ഡോ. എബി സുഷൻ, സെക്ടറൽ ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.
36 സെക്ടറൽ ഒാഫീസർമാർ രംഗത്ത്
കോന്നി ടൗൺ വീണ്ടും അടച്ചു
കോന്നി : കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കോന്നി ടൗൺ വീണ്ടും അടച്ചു. ഇത് മൂന്നാം തവണയാണ് ടൗൺ അടയ്ക്കുന്നത്. അത്യാവശ്യ കടകളും മെഡിക്കൽ സ്റ്റോറുകളും മാത്രമാണ് ഇന്നലെ മുതൽ തുറന്ന് പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കോന്നി ടൗണിലും പരിസര പ്രദേശങ്ങളിലും നിരവധി ആളുകൾക്കാണ് കൊവിഡ് റിപ്പോർട്ട് ചെയ്തത്.