കുളനട: കുപ്പണ്ണൂർ പാടശേഖരത്തിലെ ചാലിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. കമ്യൂണിറ്റി മൈക്രോ ഇറിഗേഷൻ മണ്ഡലത്തിൽ നടപ്പിലാക്കാൻ മണ്ഡല അടിസ്ഥാനത്തിൽ പ്ലാൻ തയാറാക്കണമെന്ന് മന്ത്രി പറഞ്ഞു. വീണാ ജോർജ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ആറന്മുള മണ്ഡലത്തിൽ 2016ൽ 100 ടണ്ണിൽ താഴെ ഉണ്ടായിരുന്ന നെല്ല് ഉദ്പ്പാദനം 2020ൽ 4000 ടണ്ണിൽ അധികമായി. മണ്ഡലത്തിലെ 90 ശതമാനം പഞ്ചായത്തുകളും തരിശുരഹിതമായിക്കഴിഞ്ഞെന്ന് എം.എൽ.എ പറഞ്ഞു. കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി.ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം ആർ.അജയകുമാർ, പന്തളം ബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പോൾ രാജൻ, കുളനട ഗ്രാമവികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഗീതാദേവി, പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗം ശോഭ മധു, ഗ്രാമ പഞ്ചായത്ത് അംഗം ഐശ്വര്യ ജയചന്ദ്രൻ, ജലസേചനം ഭരണം ചീഫ് എൻജിനീയർ അലക്‌സ് വർഗീസ്, എക്‌സി.എൻജിനീയർ പി.എസ് കോശി തുടങ്ങിയവർ പങ്കെടുത്തു.
റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുപ്പണ്ണൂർ ചാലിന്റെ പുനരുദ്ധാരണം നടത്തുന്നത്. നെൽക്കൃഷി പുന:സ്ഥാപിക്കുന്നതിനും മറ്റു വിളകൾ കൃഷി ചെയ്യുന്നതിനും ചാലിന്റെ ജലസംഭരണ ശേഷി വർദ്ധിപ്പിച്ച് മേഖലയിലെ വരൾച്ചയ്ക്കു പരിഹാരം കാണുകയാണ് ലക്ഷ്യം. 2.18 കോടി രൂപയാണ് പുനരുദ്ധാരണത്തിന്റെ ചെലവ്.