 
കോന്നി: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കോന്നി ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ പണികഴിപ്പിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 18ന് മുഖ്യമന്ത്റി പിണറായി വിജയൻ നിർവഹിക്കും. നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ സ്‌കൂളിൽ അവലോകന യോഗം ചേർന്നു. അക്കാദമിക് ബ്ലോക്കിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. ശേഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പൂർത്തീകരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് എം.എൽ.എ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അഞ്ച് കോടി രൂപയാണ് രണ്ടു ബ്ലോക്കുകളുടെ നിർമ്മാണത്തിനായി അനുവദിച്ചത്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ലൈബ്രറി, കമ്പ്യൂട്ടർ ലാബ് എന്നിവയുൾപ്പെടുത്തിയാണ് കെട്ടിടം നിർമ്മിക്കുന്നത്. കെട്ടിടം തുറന്നുകൊടുക്കുന്നതോടെ കോന്നി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ സ്ഥലപരിമിതിയ്ക്ക് പരിഹാരമാകും. കൂടുതൽ സൗകര്യങ്ങൾ ഒരുക്കി സ്‌കൂളിനെ മാതൃകാ വിദ്യാലയമാക്കാനാണ് പരിശ്റമിക്കുന്നതെന്നും എം.എൽ.എ പറഞ്ഞു. ഗ്രാമപഞ്ചായത്തംഗം കെ.ജി ഉദയകുമാർ, രാജേഷ് എസ്.വള്ളിക്കോട്, സ്‌കൂൾ പ്രിൻസിപ്പൽ റസിയ, എച്ച്.എം സന്ധ്യ, പി.ടി.എ പ്രസിഡന്റ് എൻ.അനിൽകുമാർ,ഷാരു തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.