പത്തനംതിട്ട: വെട്ടിപ്പുറത്ത് ഹോമിയോ ആശുപത്രി ജംഗ്ഷനിൽ മദ്യപസംഘം കാർ തടഞ്ഞ് നിറുത്തി യുവാക്കളെ ക്രൂരമായി മർദ്ദിച്ചു. ഇന്നലെ ഉച്ചക്ക് 2 മണിയോടെയാണ് സംഭവം. ഇലന്തൂർ തെക്കേക്കര ശ്രീഭവനത്തിൽ ശ്രീകുമാർ (31) , സുഹൃത്ത് ഇലന്തൂർ കച്ചകെട്ടി മേൽമുറിയിൽ രാഗേഷ് (29) എന്നിവരെയാണ് മർദ്ദിച്ചത്. ഇവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രാഗേഷിന്റെ ബന്ധുവിന് രക്തം നൽകാൻ വേണ്ടി വീട്ടിൽ നിന്ന് കാറിൽ പൂക്കോട് വഴി വരുമ്പോഴാണ് വെട്ടിപ്പുറത്ത് വച്ച് പിന്നാലെ കാറിൽ വന്ന അഞ്ച് അംഗസംഘം തടഞ്ഞുനിറുത്തി മർദ്ദിച്ചതെന്ന് ശ്രീകുമാറും രാജേഷും പറഞ്ഞു. നാട്ടുകാർ ഒാടിക്കൂടിയപ്പോഴാണ് മർദ്ദനം അവസാനിപ്പിച്ചത്. കാറിനും നാശം വരുത്തി. അക്രമിസംഘം നന്നായി മദ്യപിച്ചിരുന്നതായി പറയുന്നു. കാറിൽ ഇരുന്ന് മദ്യപിക്കുന്നത് കണ്ടതാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു. അക്രമികൾവന്ന കാർ ഓവർ ടേക്ക് ചെയ്ത് മുന്നിൽ കൊണ്ടുവന്ന് മർദ്ദനമേറ്റവരുടെ കാറിൽ ഇടിച്ച് നിറുത്തുകയായിരുന്നു. സംഘർഷം കണ്ട് നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു. പൊലിസ് വരുന്നത് കണ്ട് 2 പേർ രക്ഷപ്പെട്ടു. കണ്ണങ്കര സ്വദേശികളായ മൂന്നു പേരെ കസ്റ്റഡിയിൽ എടുത്തതായി പത്തനംതിട്ട പൊലീസ് അറിയിച്ചു.