പത്തനംതിട്ട: കാതോലിക്കേറ്റ് കാേളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നവീകരിച്ച കുമ്പഴ നോർത്ത് 27ാം നമ്പർ അങ്കണവാടി ജില്ലാ കളക്ടർ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നാടിന് സമർപ്പിച്ചു. ശോച്യാവസ്ഥയിലായിരുന്ന അങ്കണവാടി ഫ്ളോറിംഗും സീലിംഗും നടത്തി ചുവരുകൾ ഭംഗിയാക്കി. കുട്ടികളെ ആകർഷിക്കാൻ ഡൊണാൾഡ് ഡെക്കും ഡോറബുജിയും മിക്കി മൗസും ചുവരുകളിൽ നിറഞ്ഞു. പഞ്ചതന്ത്രം കഥകൾ പറയുന്ന ചുവർച്ചിത്രങ്ങൾ കാർട്ടൂണിസ്റ്റ് ഷാജി സീതത്തോട് വരച്ചു. സമർപ്പണ ചടങ്ങിൽ കാതോലിക്കേറ്റ് കോളേജ് പ്രിൻസിപ്പൽ ഡോ. മാത്യു പി.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. മൈലപ്ര പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക സുനിൽ, പ്രോഗ്രാം ഒാഫീസർമാരായ സജിത് ബാബു, സൗമ്യ ജോസ്, പഞ്ചായത്തംഗം റെജി ഏബ്രഹാം, എസ്.എൻ.വി സ്കൂൾ പ്രിൻസിപ്പൽ ഗണേഷ് റാം, വനിതാ ശിശു വികസന വകുപ്പ് ജില്ലാ മേധാവി തസ്നിം, ഒ. ആർ.പ്രീത, വാളണ്ടിയർ ആതിര അനിൽ തുടങ്ങിയവർ പങ്കെടുത്തു.