vadival
വടിവാൾ വിനീതിനെ നെടുമ്പ്രത്ത് തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ

തിരുവല്ല: മാരകായുധം കാട്ടി രാത്രികാല യാത്രക്കാരിൽ നിന്ന് പണവും സ്വർണവും വാഹനവും കവർന്ന കുപ്രസിദ്ധ മോഷ്ടാവ് വടിവാൾ വിനീതിനെ നെടുമ്പ്രം അന്തിച്ചന്തയ്ക്ക് സമീപത്തും സൈക്കിൾ മുക്ക് ജംഗ്ഷനിലും എത്തിച്ച് പുളിക്കീഴ് പൊലീസ് തെളിവെടുപ്പ് നടത്തി. തിരുവനന്തപുരം സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന എടത്വ സ്വദേശിയായ വിനീതിനെ കസ്റ്റഡിയിൽ വാങ്ങിയ പുളിക്കീഴ് പൊലീസ് ഇന്നലെയാണ് തെളിവെടുപ്പിനായി സംഭവ സ്ഥലങ്ങളിൽ എത്തിച്ചത്. ഡിസംബർ 17ന് പുലർച്ചെ മതിൽഭാഗത്തും കാവുംഭാഗത്തുമായി കാൽനടയാത്രക്കാരെ ആക്രമിച്ച് പണം കവരാൻ ശ്രമിച്ചശേഷമാണ് ഇവിടെ അക്രമങ്ങൾ നടത്തിയത്. ഒമ്നി വാൻ ഉപേക്ഷിച്ച നെടുമ്പ്രത്തും മത്സ്യവ്യാപാരിയെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി 5000 രൂപ കവർന്ന സൈക്കിൾ മുക്കിലും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിന് ശേഷം തിരുവല്ല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.