പത്തനംതിട്ട : ഭാര്യയെയും ഭാര്യാപിതാവിനെയും വീട്ടിൽകയറി കുത്തിപ്പരിക്കേൽപിച്ച യുവാവ് അറസ്റ്റിൽ . ആറന്മുള തെക്കേമല സ്വദേശി മനോജ് (39) ആണ് പിടിയിലായത്. വള്ളിക്കോട് ഗോകുലം വീട്ടിൽ ഗോപൻ (57), മകൾ സുമി (33) എന്നിവരെയാണ് ആക്രമിച്ചത്. പൊലീസ് പറയുന്നത് - ഇന്നലെ രാവിലെ 10 മണിക്കാണ് സംഭവം. വീട്ടിലെത്തിയ മനോജ് സുമിയുമായി വഴക്കുണ്ടായി. തുടർന്ന് കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച ഗോപനെയും കുത്തിയശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച മനോജിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇൗ സമയം സുമിയുടെ അമ്മ വത്സമ്മ സ്ഥലത്തില്ലായിരുന്നു .ഗോപനെയും സുമിയെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോപന്റെ വയറിനും കഴുത്തിനും ഗുരുതരമായി മുറിവേറ്റിട്ടുണ്ട്. സുമിയുടെ വയറിലും പുറത്തും നിരവധി തവണ കുത്തേറ്റിട്ടുണ്ട്.
വിദേശത്തായിരുന്ന സുമി കഴിഞ്ഞ മാസം 20 നാണ് നാട്ടിലെത്തിയത്. ക്വാറന്റൈനിൽ കഴിഞ്ഞ ശേഷം വീട്ടിലെത്തിയതാണ്. നഴ്സായ സുമി മനോജിനെയും വിദേശത്ത് കൊണ്ടുപോയിരുന്നു. ഒന്നരവർഷം മുമ്പ് ഇളയ മകൾ ജനിച്ചപ്പോൾ ഇരുവരും നാട്ടിലെത്തിയിരുന്നു. ഇളയമകളെ സുമിയുടെ അമ്മയെ ഏൽപിച്ച ശേഷം വിദേശത്തേക്ക് മടങ്ങിയെങ്കിലും മനോജ് തിരികെവന്നു. സുമിയുടെ സമ്പാദ്യമായ പതിനഞ്ച് ലക്ഷം രൂപ മനോജ് റമ്മി കളിച്ച് നശിപ്പിച്ചെന്നും ഇതിനെ തുടർന്നാണ് വഴക്കുണ്ടായതെന്നും ബന്ധുക്കൾ പറയുന്നു.
സ്നേഹിച്ച് വിവാഹം കഴിച്ചതാണ് ഇരുവരും.മനോജിന് സുമിയെ സംശയമാണെന്ന് പൊലീസ് പറഞ്ഞു. ഇവർക്ക് മൂന്ന് മക്കളുണ്ട്. മൂത്ത മകൾ ജെനീഫർ മനോജിനൊപ്പവും ഇസബെല്ല, സവന്നാ എന്നിവർ സുമിയുടെ വീട്ടിലുമാണ് . ആറ് മാസം മുമ്പും സുമിയുടെ വീട്ടിൽ മനോജ് പ്രശ്നമുണ്ടാക്കിയിട്ടുണ്ട്. മനോജിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.