അടൂർ : അടൂർ എക്സൈസ് കോംപ്ളക്സിന്റെ നിർമ്മാണം അവസാനഘട്ടത്തിൽ . രണ്ടാഴ്ചയ്ക്കുള്ളിൽ ഉദ്ഘാടനം നടത്താനാണ് ശ്രമം. നിർമ്മാണ പുരോഗതി ഇന്നലെ ചിറ്റയം ഗോപകുമാർ എം. എൽ. എ വിലയിരുത്തി. മുറികളിൽ ടൈൽസ് പാകുന്നതും പെയിന്റിംഗ് ജോലികളുമാണ് ശേഷിക്കുന്നത്. വാടകകെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന എക്സൈസ് സർക്കിൾ ഒാഫീസും പറക്കോട്ടെ റേഞ്ച് ഒാഫീസും ഇനി പുതിയ കെട്ടിടത്തിലാകും.
2019 ഫെബ്രുവരി 27 ന് മന്ത്രി എം. എം മണിയാണ് നിർമ്മാണോദ്ഘാടനം നിർവഹിച്ചത്. രാജഭരണകാലത്ത് പറക്കോട് അനന്തരാമപുരം മാർക്കറ്റിനോട് ചേർന്ന് വെയർഹൗസിനും അടൂർ എക്സൈസ് ഇൻസ്പെക്ടറുടെ കാര്യാലയത്തിനും രാജാവ് നൽകിയ ഒന്നര ഏക്കർ സ്ഥലത്താണ് ഇപ്പോൾ എക്സൈസ് റേഞ്ച് ഒാഫീസ് .പഴയ വെയർഹൗസ് കെട്ടിടത്തിലാണ് തൊണ്ടിമുതൽ സൂക്ഷിക്കുന്നത്. പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ ഇൗ കെട്ടിടം പഴമനിലനിറുത്തി നവീകരിച്ച് വിമുക്തി ലൈബ്രറിയാക്കി മാറ്റും.
ചരിത്രമുറങ്ങുന്ന മണ്ണ്
രാജഭരണകാലത്ത് ചുങ്കം പിരിവ് നടത്തിയിരുന്നത് എക്സൈസ് വകുപ്പായിരുന്നു. പത്തനംതിട്ട ജില്ലയിൽ ഇരവിപേരൂർ, പറക്കോട് എന്നിവിടങ്ങളായിരുന്നു പ്രധാന ചുങ്കം പിരിവ് കേന്ദ്രങ്ങൾ.
കല്ലട ആറിന് കുറുകെ പാലം വരുന്നതിന് മുമ്പ് രണ്ട് കരകളിലും ചുങ്കം പിരിവിനായി എക്സൈസ് ഉദ്യോഗസ്ഥർ നിലയുറപ്പിച്ചിരുന്നു. ജനകീയ ഭരണം വന്നതോടെ എക്സൈസ് കൈവശം വച്ചിരിക്കുന്ന സർക്കാർ വക റവന്യൂ പുറമ്പോക്കായി ഇവിടെ മാറി. ഇൗ സ്ഥലത്താണ് ബഹുനില മന്ദിരം ഉയർന്നത്.
-----------------
നിർമ്മാണ ചെലവ് - 2.80 കോടി.
വിസതീർണ്ണം - 1154 മീറ്റർ സ്ക്വയർ
ഒന്നാം നിലയിൽ
എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ മുറി
അസി. ഇൻസ്പെക്ടറുടെ മുറി.
റിസപ്ഷൻ,ഒാഫീസ് റൂം
തൊണ്ടിമുതൽ സൂക്ഷിക്കുന്നതിനുള്ള മുറി
പ്രതികളെ സൂക്ഷിക്കുന്നതിനുള്ള സെൽ
വനിതാ ഉദ്യോഗസ്ഥരുടെ വിശ്രമമുറി,
സ്റ്റാഫ്, പ്രിവന്റീവ് ഒാഫീർമാർ എന്നിവരുടെ വിശ്രമമുറി.
ടോയ്ലെറ്റ്
രണ്ടാം നിലയിൽ
സർക്കിൾ ഇൻസ്പെക്ടർ, എക്സൈസ് ഇൻസ്പെക്ടർ എന്നിവർക്ക് പ്രത്യേക മുറികൾ
വിശാലമായ ഒാഫീസ്
അത്യാധുനിക സൗകര്യമുള്ള സെൽ
കോൺഫറൻസ് ഹാൾ,
സന്ദർശകമുറി
ജീവനക്കാരുടെ വിശ്രമമുറി.