തിരുവല്ല: പെരിങ്ങര പി.എം.വി.ഹൈസ്‌കൂൾ - മൂന്നാംചിറപ്പടി റോഡിൽ കലുങ്ക് നിർമ്മാണം തുടങ്ങി. ഒരു മാസക്കാലമായി മുടങ്ങിക്കിടന്നിരുന്ന കലുങ്ക് നിർമ്മാണമാണ് പുനരാരംഭിച്ചത്. കലുങ്ക് നിർമ്മിക്കുന്നതിന്റെ ഭാഗമായി റോഡ് വെട്ടിപ്പൊളിച്ച കുഴിയിൽ കരിങ്കൽ പാകുന്ന പണികളാണ് ആരംഭിച്ചത്. റോഡിന് കുറുകെ കലുങ്ക് നിർമ്മിക്കാനായി ഒരുമാസം മുമ്പ് മുണ്ടന്താനത്ത് പടിയിൽ റോഡ് വെട്ടിപ്പൊളിച്ചത്. പെരിങ്ങര പഞ്ചായത്തിലെ 11,12 വാർഡുകളിൽ കൂടി കടന്നുപോകുന്ന പ്രധാന റോഡാണിത്. റോഡ് വെട്ടിപ്പൊളിച്ചതോടെ പ്രദേശവാസികൾക്ക് യാത്രാദുരിതമായിരുന്നു. പെരിങ്ങര പഞ്ചായത്തിലെ 10, 11,12 വാർഡുകളിൽ പതിവായിരുന്ന വെള്ളക്കെട്ട് ഒഴിവാക്കുന്നതിന്റെ ഭാഗമായി വാച്ചാൽ തോടുകൾ വീണ്ടെടുക്കുന്നതിനും കലുങ്കുകളും തുമ്പൂകളും പുന:സ്ഥാപിക്കാനുമായി മാത്യു ടി.തോമസ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 30 ലക്ഷം വിനിയോഗിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. കലുങ്ക് നിർമ്മാണം ഈ മാസം അവസാനത്തോടെ പൂർത്തിയാവുമെന്ന് മൈനർ ഇറിഗേഷൻ വകുപ്പ് അസി.എക്സി.എൻജിനിയർ പറഞ്ഞു.