അടൂർ : സംസ്ഥാന ആരോഗ്യവകുപ്പിന്റെ കഴിഞ്ഞ വർഷത്തെ കായകൽപ്പ അവാർഡിൽ കമൻഡേഷൻ വിഭാഗത്തിൽ അടൂർ ജനറൽ ആശുപത്രിയും .ജില്ലാതലത്തിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് വാങ്ങിയ 8 ആശുപത്രികളിൽ പത്തനംതിട്ട ജില്ലയിൽ നിന്ന് 76.3 മാർക്ക് നേടിയത് അടൂർജനറൽ ആശുപത്രി മാത്രമാണ്. മൂന്ന് ലക്ഷം രൂപയാണ് അവാർഡ് തുക. അവാർഡ് തുക ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാം.സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം,പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രത്സാഹിപ്പിക്കുന്നതിനുവേണ്ടി സംസ്ഥാർ സർക്കാർ ആവിഷ്കരിച്ചതാണ് കായകൽപ്പ അവാർഡ്.വിദഗ്ദ്ധസമിതി കഴിഞ്ഞ മാസം ആശുപത്രികൾ സന്ദർശിച്ചിരുന്നു. ആശുപത്രിയിലെ ജീവനക്കാരുടെ കൂട്ടായ്മയും അവാർഡിന് സഹായകരമായതായി ആശുപത്രി സൂപ്രണ്ട് ഡോ. സുഭഗൻ പറഞ്ഞു. ആശുപത്രി സൂപ്രണ്ടിന് പുറമേ ആർ. എം. ഒ ആയിരുന്ന ഡോ. നിഷാദ്, പി. ആർ. ഒ ഷൈനി, ഇൻഫെക്ഷൻ കൺട്രോൾ ഒാഫീസർ ഡോ. ശ്രീജിത്ത്, ഇൻഫെക്ഷൻ കൺട്രോൾ നഴ്സ് അമ്പിളി രൂപേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തയ്യാറെടുപ്പ് നടത്തിയത്. അവാർഡ് നേടാൻ മതിയായ പ്രവർത്തനം നടത്തിയ ജീവനക്കാരെ നഗരസഭാചെയർമാൻ ഡി. സജി അഭിനന്ദിച്ചു.