 
ആറന്മുള: ആറന്മുളയുടെ മണ്ണിലേക്ക് അംഗീകാരത്തിന്റെ ചിലങ്കയണിഞ്ഞ് കലാമണ്ഡലം ശ്രീദേവി മോഹനന് സംസ്ഥാന സംഗീത നാടക അക്കാഡമിയുടെ ഗുരുപൂജാ പുരസ്‌കാരം
ആറന്മുളയിലെ ചിലങ്ക ഡാൻസ് അക്കാഡമി ഉടമയായ ശ്രീദേവി മോഹനന് ഭരതനാട്യത്തിലെ സംഭാവന പരിഗണിച്ചാണ് അവാർഡ്.
കോട്ടയം തലപ്പുലം കൊട്ടാരത്തിൽ കുടുംബാംഗമായ ശ്രീദേവി നൃത്തത്തിൽ പി.ജി. ഡിപ്ലോമനേടിയിട്ടുണ്ട്. കലാമണ്ഡലം ചന്ദ്രികാ മേനോന്റെ ശിക്ഷണത്തിൽ കുച്ചിപ്പുടി അഭ്യസിച്ചു. ആന്ധ്രാപ്രദേശിലെ കലാക്ഷേത്രത്തിൽ ഉപരി പഠനം പൂർത്തിയാക്കി.
കേരളത്തിലെ എല്ലാ ജില്ലകളിലും ശാഖകളുള്ള ചിലങ്ക ഡാൻസ് അക്കാഡമിയിൽ കഥകളി, ന്യത്തം, സംഗീതം, വയലിൻ, മ്യദംഗം, ചെണ്ട, തബല, കീബോർഡ്, ഗിറ്റാർ, ജാസ് ഡ്രംസ്, കളരിപ്പയറ്റ് തുടങ്ങിയവ അഭ്യസിപ്പിക്കുന്നു.
വ്യത്യസ്ത ഭാരതീയ കലകൾ ഉൾപ്പെടുത്തി ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ 2002 മുതൽ ശ്രീ പാർത്ഥസാരഥി ന്യത്ത സംഗീതോത്സവം ശ്രീദേവിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
കൊച്ചിയിൽ ആയിരത്തോളം നർത്തകികളെ ഉൾപ്പെടുത്തി അവതരിപ്പിച്ച മോഹിനിയാട്ടം ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടി.
മോഹിനിയാട്ടത്തിൽ 5 വർണ്ണങ്ങൾ സ്വന്തമായി എഴുതി ചിട്ടപ്പെടുത്തിയിട്ടുണ്ട്.
കേരള കലാമണ്ഡലം അവാർഡ് , വള്ളത്തോൾ ഫെഡറേഷൻ സ്‌കോളർഷിപ്പ്, കലാരത്‌ന അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
കഥകളി നടൻ ഫാക്ട് മോഹനാണ് ഭർത്താവ്. മകൾ ആർ.എൽ.വി. അഞ്ജനാ ആനന്ദ് നർത്തകിയും കോറിയോഗ്രാഫറുമാണ്. മകൻ അരവിന്ദ് മ്യദംഗ വിദ്വാനാണ്