sabari

പത്തനംതിട്ട: ശബരിമലയിൽ അടുത്ത തീർത്ഥാടന കാലം മുതൽ കുടിവെള്ളം വിതരണത്തിന് തൊഴിലാളികളില്ല. മല കയറുന്ന ഭക്തർക്ക് ക്ഷീണമകറ്റാൻ വെള്ളം യന്ത്രം തരും.

ഒൗഷധ ഗുണമുളള ചൂടാറിയ കുടിവെള്ള വിതരണത്തിന് പമ്പ മുതൽ സന്നിധാനം വരെ സ്റ്റീൽ പ്ളാന്റുകൾ സ്ഥാപിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്ളാന്റിൽ നിന്ന് കുടിക്കാനും സംഭരിക്കാനും ആവശ്യത്തിന് വെള്ളം ലഭിക്കും. കുന്നാർ ഡാമിൽ നിന്ന് പൈപ്പിലൂടെ കൊണ്ടുവരുന്ന വെള്ളം ശുദ്ധീകരിച്ച് രാമച്ചം തുടങ്ങി ജൈവ ഒൗഷധങ്ങൾ ചേർത്താവും നൽകുക.
കൊച്ചി ആസ്ഥാനമായ സ്ഥാപനമാണ് കുടിവെള്ള പ്ളാന്റുകൾ സ്ഥാപിക്കുന്നത്. ദേവസ്വം ബോർഡ് അംഗീകരിച്ച പദ്ധതി ഇനി മാസ്റ്റർ പ്ളാനിൽ ഉൾപ്പെടുത്തിയാൽ മതി. പമ്പ മുതൽ സന്നിധാനം വരെ പരമ്പരാഗത പാതയിലും, സ്വാമി അയ്യപ്പൻ റോഡിലുമായി മുപ്പതോളം കുടിവെള്ള വിതരണ പ്ളാന്റുകൾ സ്ഥാപിക്കാനാണ് ആലോചന. സന്നിധാനത്ത് ആറെണ്ണവും.

തൊഴിൽ നഷ്ടപ്പെടും

പുതിയ പദ്ധതി വരുമ്പോൾ, നിലവിൽ കുടിവെള്ളം നൽകുന്നവരുടെ തൊഴിൽ നഷ്ടപ്പെടുമെന്ന് ആശങ്കയുണ്ട്. പകലും രാത്രിയുമായി 450 തൊഴിലാളികളാണ് കുടിവെള്ള വിതരണത്തിന് വിവിധ കേന്ദ്രങ്ങളിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നത്. ഒരു സമയം 100 തൊഴിലാളികളാണ് ജോലിയിലുള്ളത്. തിരക്കുള്ള ദിവസങ്ങളിൽ മല കയറ്റത്തിനിടെ തടഞ്ഞു നിറുത്തപ്പെടുന്ന ഭക്തർക്ക് ആവശ്യാനുസരണം വെള്ളം നൽകാൻ ഇവർ മതിയാകില്ലെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്.