ksrtc

പത്തനംതിട്ട: നേരം ഇരുട്ടുന്നതിന് മുൻപ് ഡ്യൂട്ടി തീർക്കണം. യാത്രക്കാരുടെ കഷ്ടപ്പാടുകൾ അവർ തന്നെ മാറ്റിക്കാെള്ളും. ഏറെ നാളായി, വ്യക്തമായി പറഞ്ഞാൽ കൊവിഡ് വന്ന ശേഷം പത്തനംതിട്ടയിലെ യാത്രക്കാരോട് കെ.എസ്. ആർ.ടി.സിയുടെ നയം ഇതാണ്. രാത്രി എട്ടിന് മുൻപ് സർവീസ് നിറുത്തി വീട് പിടിക്കുകയാണ് ജീവനക്കാർ. ബസ് ഇല്ലേ എന്നു ചോദിച്ചാൽ യാത്രക്കാർ ഇല്ല എന്നാണ് ഡിപ്പോ അധികൃതരുടെ മറുപടി. ഞങ്ങൾ യാത്രക്കാരല്ലേ എന്നു വീണ്ടും ചോദിച്ചാൽ സർവീസുകൾ നഷ്ടമെന്ന് അടുത്ത മറുപടി.

ജില്ലാ ആസ്ഥാനത്തെ രാത്രിയാത്രാ ദുരിതം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, ഗതാഗതമന്ത്രി, കെ.എസ്.ആർ.ടി.സി എം.ഡി എന്നിവർക്ക് യാത്രക്കാർ പരാതി അയച്ചിട്ടും നടപടിയില്ല.

രാത്രി ഏഴരയ്ക്ക് ശേഷം പത്തനംതിട്ടയിൽ എത്തിയാൽ പെട്ടതുതന്നെ. ഏറെ നേരം ബസ് കാത്ത് നിൽക്കുന്നവരുടെ മുന്നിലേക്ക് ഒാട്ടോറിക്ഷക്കാർ എത്തും. എവിടെ പോകാനാണെങ്കിലും ചോദിക്കുന്ന ചാർജ് കൊടുക്കണം. ഒാട്ടം പിടിക്കാൻ ഡിപ്പോയ്ക്ക് മുന്നിലും നഗരത്തിലെ ബസ് സ്റ്റോപ്പുകളിലും ഒാട്ടോറിക്ഷക്കാർ രാത്രി പാർക്കിംഗ് തുടങ്ങി.

അടൂരിലേക്ക്...

പത്തനംതിട്ടയിൽ നിന്ന് എം.സി റോഡിലെ പ്രധാന നഗരമായ അടൂരിലെത്താൻ രാത്രി 7.10നാണ് ഇപ്പോൾ അവസാന ബസ്. ചില ദിവസങ്ങളിൽ അതുമില്ല. നേരത്തെ 9.10 വരെ കെ.എസ്.ആർ.ടി.സി ബസുണ്ടായിരുന്നു. 8.30 വരെ കൊല്ലത്തിന് വേണാട് ലിമിറ്റഡ് സ്റ്റോപ്പ് ബസുണ്ടായിരുന്നു. ലാഭകരമായിരുന്ന ഇൗ സർവീസുകളെല്ലാം കൊവിഡെന്നും യാത്രക്കാരില്ലെന്നും പറഞ്ഞ് നിറുത്തലാക്കി.

തിരുവല്ലയിലേക്ക്

രാത്രി 7.45നുള്ള അവസാന ബസ് വന്നാലായി. തിരുവല്ല ഡിപ്പോയിലെ ഇൗ ബസ് പലപ്പോഴും പണിമുടക്കിലാണ്. തിരുവല്ലയ്ക്ക് രാത്രി 9.50 വരെ ബസുണ്ടായിരുന്നതാണ്.

ചെങ്ങന്നൂരിന്

ലോക്ക് ഡൗൺ ഇളവുകൾ നിലവിൽ വന്ന ശേഷം ചെങ്ങന്നൂരിന് ബസ് വിട്ടിട്ടില്ല. ഇലവുതിട്ട വഴി ചെങ്ങന്നൂരിനുള്ള ഒാർഡിനറി മാത്രമാണ് ഇപ്പോഴുളളത്.

റാന്നി റൂട്ടിൽ

രാത്രി 9.30 വരെ ബസുണ്ടായിരുന്നു. ഇപ്പോൾ ഏഴ് കഴിഞ്ഞാൽ ബസില്ല. രാത്രി എട്ട് മണിയോടെ വടശേരിക്കരയ്ക്ക് ബസ് വിട്ട് മലയോര മേഖലയിലേക്കുള്ള സർവീസ് അവസാനിപ്പിക്കും. പന്തളത്തിന് 6.45 കഴിഞ്ഞാൽ ബസില്ല.

എല്ലാം ഒരു അഡ്ജസ്റ്റ്മെന്റ്

അടൂർ റൂട്ടിൽ പകൽ സമയങ്ങളിൽ സ്വകാര്യ ബസും കെ. എസ്. ആർ.ടി.സി ബസും മുന്നിലും പിന്നിലുമായാണ് സർവീസ്. പത്തനംതിട്ടയിൽ സ്വകാര്യ ബസ് സ്റ്റാൻഡും കെ.എസ്.ആർ.ടി.സി സ്റ്റാൻഡും അടുത്തടുത്തണ്. അടൂരിനുളള കെ.എസ്. ആർ.ടി.സി ബസിൽ ഡ്രൈവറും കണ്ടക്ടറും കയറുമ്പോൾ സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്ന് വിടും. കെ.എസ്.ആർ.ടി.സിക്കുള്ള യാത്രക്കാരെ സ്വകാര്യ ബസുകൾ കൊണ്ടുപോകും. കോന്നി, തണ്ണിത്തോട്, റാന്നി, വടശേരിക്കര റൂട്ടുകളിലും ഇതാണ് സ്ഥിതി.

പത്തനംതിട്ട വഴിയുള്ള ദീർഘദൂര സർവീസുകളും മുടങ്ങി. രാത്രി 8.30ന് തിരുവനന്തപുരം - കൽപ്പറ്റ സർവീസും 10ന് നെടുങ്കണ്ടം - തിരുവനന്തപുരം സർവീസുമാണ് ജില്ലാ ആസ്ഥാനത്തേക്ക് എത്തേണ്ടത്. ഇത് എല്ലാ ദിവസവും ഇല്ലെന്ന് യാത്രക്കാർ പറയുന്നു. 12.10നുണ്ടായിരുന്ന തിരുവനന്തപുരം - മല്ലപ്പള്ളി സർവീസ് ഒാർമയായി.