1
ഗിന്നസ് വേൾഡ് റെക്കോർഡുമായി സനൽകുമാർ

പള്ളിക്കൽ : പ്രണവ് മോഹൻലാലിനോടുള്ള രൂപസാദൃശ്യം തുണയായപ്പോൾ സനൽ സ്വന്തമാക്കിയത് ഗിന്നസ് വേൾഡ് റെക്കാഡ്. തെങ്ങമം എസ് ഭവനത്തിൽ സോമൻ - സുമംഗല ദമ്പതികളുടെ മകൻ സനൽകുമാറാണ് മോഹൻലാലിന്റെ മകൻ പ്രണവിനെ അനുകരിച്ചതിലൂടെ ഗിന്നസ് സനലായത്.

രണ്ട് വർഷം മുൻപ് ഒരു പ്രമുഖ ചാനൽ നടത്തിയ കോമഡി പ്രോഗ്രാമിലാണ് സനൽ പ്രണവിനെ അനുകരിച്ചത്. ഏറ്റവും കൂടുതൽ താരങ്ങളെ അണിനിരത്തി തുടർച്ചയായി നടത്തിയ പരിപാടി എന്ന നിലയിലാണ് ഈ പ്രോഗ്രാം ഗിന്നസ് റെക്കാഡിലിടം നേടിയത്.

സിവിൽ എൻജിനീയറിംഗ് കഴിഞ്ഞ് സൗദിയിൽ ജോലി നോക്കിയിരുന്ന സനൽ സുഹൃത്തിന്റെ കല്യാണത്തിന് ഗുരുവായൂരിൽ എത്തിയപ്പോൾ പ്രണവാണന്ന് കരുതി ചിലർ അടുത്തു കൂടി സെൽഫിയെടുത്തിരുന്നു. ഇതിന്റെ ചിത്രം സുഹൃത്ത് ബിനേഷ് സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്തു. ഇത് മോഹൻലാൽ ഫാൻസ് അസോസിയേഷൻ ഏറ്റെടുത്തതോടെ ഫോട്ടോ വൈറലായി.

തുടർന്ന് നടൻ സുരാജ് വെഞ്ഞാറുംമൂട് സ്റ്റേജ് ഷോകളിൽ പ്രണവാകാൻ ക്ഷണിച്ചതോടെ സനലിന്റെ തലവര മാറി. ഇന്ത്യയിലും വിദേശത്തുമായി നിരവധി സ്റ്റേജ് ഷോകൾ ചെയ്തു. ഇതിനിടെ ഒരു മാസ് കഥ എന്ന സിനിമയിൽ അഭിനയിച്ചു. ഷൂട്ട് കഴിഞ്ഞ ഹൈമ അടക്കം രണ്ട് സിനിമകൾ റിലീസ് ചെയ്യാനുണ്ട്. എന്നാൽ ഇതുവരെയും പ്രണവിനെ കാണാനായില്ല എന്ന വിഷമമുണ്ട് സനലിന് .

എന്നാൽ മോഹൻലാലിനൊപ്പം സെൽഫിയെടുത്തത് മറക്കാനാകാത്ത അനുഭവമായി സനൽ ഒാർമ്മയിൽ സൂക്ഷിക്കുന്നു. കഴിഞ്ഞദിവസമാണ് ഗിന്നസ് റെക്കാഡ് കൈകളിൽ കിട്ടിയത്.