
കോഴഞ്ചേരി : വെള്ളത്തിലിറങ്ങിയാലും നനയാത്ത ഒാറഞ്ച് നിറത്തിലുള്ള 'വേഷ'വുമായി ഇനി അഗ്‌നി രക്ഷാസേന ദുരന്തമുഖങ്ങളിലെത്തും.
പ്രളയം, ഉരുൾപൊട്ടൽ, നദികളിലെ മുങ്ങിമരണം തുടങ്ങിയ ദുരന്ത മുഖങ്ങളിൽ രക്ഷാപ്രവർത്തനത്തിന് സേന 'അക്വാറ്റിക് ജാക്കറ്റ് ' അണിഞ്ഞെത്തും. വെള്ളത്തിലിറങ്ങിയാലും വെള്ളം പിടിക്കാത്തതും നശിക്കാത്തതുമാണ് പുതിയ യൂണിഫോം.
മുഴുക്കെ ഷർട്ടും ട്രാക്ക് സ്യൂട്ട് മാതൃകയിലുള്ള പാന്റും ഒന്നിച്ചു ചേർന്നതാണ് അക്വാറ്റിക് ജാക്കറ്റ്.
ഒന്നിന് 900 രൂപ വിലയുള്ള 4450 ജാക്കറ്റുകളാണ് സംസ്ഥാനത്തെ 122 ഫയർ സ്‌റ്റേഷനുകളിൽ എത്തിച്ചിരിക്കുന്നത്. രക്ഷാ പ്രവർത്തനങ്ങൾക്കിടെ ജീവനക്കാരുടെ നിലവിലെ യൂണിഫോം നശിക്കുന്നത് പതിവായതാണ് പുതിയ ജാക്കറ്റിലേക്ക് സേനയെ മാറ്റാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. നനഞ്ഞു കഴിഞ്ഞാൽ യൂണിഫോം ധരിച്ചു കൊണ്ട് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നത് ബുദ്ധിമുട്ടും താമസവും വരുത്തുന്നതായി പരാതി ഉയർന്നിരുന്നു.
ജില്ലയിൽ 6 ഫയർ സ്‌റ്റേഷനുകളിലായി 214 ജാക്കറ്റുകൾ
ഉദ്യോഗസ്ഥരുടെ ശാരീരിക അളവിനനുസരിച്ചുള്ള ജാക്കറ്റുകളാണ് നൽകുന്നത്. ദുരന്തമേഖലയിൽ തോർത്തും മറ്റും ധരിച്ച് രക്ഷാപ്രവർത്തനം നടത്തുന്ന ഉദ്യോഗസ്ഥരെയും നാട്ടുകാരുടെ പട്ടികയിൽപ്പെടുത്തുന്ന പ്രവണതയാണ് കണ്ടുവരുന്നത്. ജാക്കറ്റ് വന്നതോടെ ജീവനക്കാരെ ഇനി തിരിച്ചറിയാൻ കഴിയും.
( വി.വിനോദ് കുമാർ, സ്റ്റേഷൻ ഓഫീസർ,ഫയർഫോഴ്‌സ്, പത്തനംതിട്ട)