
പത്തനംതിട്ട: അടൂർ കെ.എ.പി ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥർ വിവിധ ബാങ്കുകളിൽ നിന്നെടുത്ത വായ്പയുടെ റിക്കവറി തുക തിരിച്ചടയ്ക്കാതെ ക്രമക്കേട് നടന്നതായി റിപ്പോർട്ട്. പൊലീസ് ഉദ്യോഗസ്ഥരുടെ പ്രതിമാസ ശമ്പളത്തിൽ നിന്ന് 2018 മുതൽ ഒാരോമാസവും പിടിച്ച തുക പൂർണമായി ബാങ്കുകളിൽ അടച്ചിട്ടില്ല. വായ്പ പണം തിരിച്ചടക്കേണ്ട കെ.എ.പി ക്യാമ്പിലെ ശമ്പള വിതരണ ഉദ്യോഗസ്ഥയുടെ ഒൗദ്യോഗിക ട്രഷറി അക്കൗണ്ടിൽ രണ്ട് ലക്ഷത്തോളം രൂപയാണ് ബാലൻസുളളത്.
ഒാരോമാസത്തെയും റിക്കവറി തുക അതാത് ധനകാര്യ സ്ഥാപനത്തിൽ ഒടുക്കി ട്രഷറി അക്കൗണ്ട് നീക്കിയിരിപ്പ് സീറോ ആക്കേണ്ടതാണ്. എന്നാൽ, തുക ഉദ്യോഗസ്ഥയുടെ ട്രഷറി അക്കൗണ്ടിൽ തന്നെ കിടന്നു. 2019ൽ കെ.ജി. സൈമൺ കെ.എ.പി കമാണ്ടൻഡ് ആയിരിക്കെ വായ്പ തുക തരംതിരിച്ച് ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ അടയ്ക്കണമെന്ന് നിർദേശിച്ചിരുന്നു. ഇതിൽ നടപടിയുണ്ടായില്ല. അതേസമയം, തുക തരംതിരിച്ച് കണ്ടെത്താനാകാത്തതിനാൽ സർക്കാർ ഫണ്ടിലേക്ക് മുതൽക്കൂട്ടണമെന്ന് ആവശ്യപ്പെട്ട് കമാണ്ടൻഡിന് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് റിപ്പോർട്ട് സമർപ്പിച്ചു. റിപ്പാേർട്ട് പരിശോധിച്ചപ്പോൾ തുകയിൽ വ്യത്യാസം കണ്ടെത്തി. 33796 രൂപ വ്യാജരേഖയുണ്ടാക്കി അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിന്റെ അക്കൗണ്ടിലേക്ക് മാറ്റി. ഇത് സാമ്പത്തിക ക്രമക്കേടാണെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം ഉദ്യോഗസ്ഥർ പരാതി നൽകി. ഇതേതുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിനോട് ഡെപ്യൂട്ടി കമാൻണ്ടൻഡ് വിശദീകരണം തേടി.
2014ൽ പത്തനംതിട്ട ജില്ലാ പൊലീസ് ആസ്ഥാനത്ത് നടന്ന സാമ്പത്തിക ക്രമക്കേടിൽ അച്ചടക്ക നടപടി നേരിട്ടവരാണ് അടൂർ ക്യാമ്പിലെ ക്രമക്കേടിന് പിന്നിലെന്ന് ആക്ഷേപമുണ്ട്.