ഇലന്തൂർ: നാടിന്റെ വികസന സ്വപ്നങ്ങൾക്ക് ജനകീയതയുടെ കൈയ്യൊപ്പ് ചാർത്താൻ ഇലന്തൂർ നാട്ടൊരുമയുടെ നേതൃത്വത്തിൽ ജനസംഗമം സംഘടിപ്പിച്ചു. സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ഒരുക്കിയ ഇലന്തൂർ 20-25 സംഗമത്തിൽ തദ്ദേശ ജനപ്രതിനിധികൾ, വ്യാപാരി വ്യവസായി ഭാരവാഹികൾ, കർഷകർ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ ഭാവിയുടെ വികസനസ്വപ്‌നങ്ങൾ പങ്കുവച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ.ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്ത സംഗമത്തിൽ ഇലന്തൂർ മാർക്കറ്റ് വികസനം മുഖ്യഅജണ്ടയായി.

നാട്ടൊരുമ പ്രസിഡന്റ്‌ സാം ചെമ്പകത്തിൽ അദ്ധ്യക്ഷനായിരുന്നു. ഫോക് ലോർ അക്കാദമി അവാർഡ് ജേതാക്കളായ പടേനി ആചാര്യൻ അശോക് കുമാർ, അനീഷ്. വി.നായർ എന്നിവരെ ആദരിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ മേഴ്‌സി മാത്യു മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ്‌ പി.എം.ജോൺസൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ അജി അലക്സ്‌, ആതിര ജയൻ, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ കെ.പി. മുകുന്ദൻ, എം.എസ്.സിജു, സജി തെക്കുംകര, ഇ.ഇന്ദിര, ജയശ്രീ മനോജ്‌, ഗീത സദാശിവൻ, കെ.ജി.സുരേഷ്, ജി.അനിൽ കുമാർ, അജു ദേവ്, സാംസൺ തേക്കെതിൽ, പി.ആർ, പ്രദീപ്, ഹരി ഇലന്തൂർ,പി.എസ്.പുഷ്പരാജൻ, എം.എൻ.സോമരാജൻ, അജയൻ. പി. വേലായുധൻ, ബിജു. പി.തോമസ്, സാലമ്മ ബിജി വർഗീസ്, തോമസ് ചെറിയാൻ, ദിലീപ് കുമാർ,എസ്.രാജീവ്‌, സനിൽ എസ്, നാട്ടൊരുമ ഭാരവാഹികളായ പി.കെ.സുശീൽ കുമാർ, സജി വർഗീസ്, സിബി ഇലന്തൂർ,എം.ജി.ഗോപിനാഥ്‌,സി.എസ്.ഫിലിപ്പ്, സി. ആർ. ശ്രീരാജ് എന്നിവർ പങ്കെടുത്തു.

ഇലന്തൂരിന്റെ വികസന കാഴ്ചപ്പാട്

മാർക്കറ്റ് വികസനത്തിന് മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിലുള്ള നിർമ്മാണങ്ങൾ വേണം. അപകടാവസ്ഥയിലുള്ള നിർമ്മാണങ്ങൾ നീക്കണം. ടോയിലെറ്റ് ബ്ളോക്ക്, മാലിന്യ സംസ്കരണ പദ്ധതി എന്നിവയും മാർക്കറ്റിനാെപ്പം അനിവാര്യമാണ്. കർഷക വിപണി ആരംഭിക്കണം. സായാഹ്ന ചന്തയിലൂടെ വിപണികൾ സജീവമാക്കണം. തരിശ് കൃഷി വ്യാപിപ്പിക്കണം. കുടുംബശ്രീകളുടെ നേതൃത്വത്തിൽ സംഘകൃഷികൾ ആരംഭിക്കണം. ഏത്തക്കായ,കിഴങ്ങു വർഗങ്ങൾ എന്നിവയുടെ ഇലന്തൂർ പ്രോഡക്റ്റ് വിപണിയിൽ ഇറക്കണം. പന്നിശല്യത്തിനെതിരെ ജാഗ്രതാ സമിതികൾ രൂപീകരിക്കണം. വേലി കെട്ടുന്ന കർഷകർക്ക് സബ്‌സിഡി അനുവദിക്കണം. മാർക്കറ്റിലെ മര മുത്തശിയോട് ചേർന്നു ഓപ്പൺ സ്റ്റേജ് നിർമ്മിക്കണം. മാലിന്യങ്ങൾ വീടുകളിൽ നിന്ന് ശേഖരിച്ച് സംസ്കരിക്കണം. പൊതു ഇടങ്ങളിൽ വെയിസ്റ്റ്‌ ബിന്നുകൾ സ്ഥാപിക്കണം. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണം. പൊതുസ്ഥലങ്ങളിൽ ചെടികൾ, ഫലവൃക്ഷതൈകൾ എന്നിവ നട്ടു വളർത്തണം. സംരക്ഷണച്ചുമതല റെസിഡൻസ് അസോസിയേഷനുകൾക്കു നൽകണം. കുന്നത്തുച്ചിറയിലും പരിയാരം ചരിവുകാലായിലും നാലുമണിക്കാറ്റ് വിശ്രമകേന്ദ്രം വേണം. വലിയവെട്ടത്തു കുട്ടികൾക്കായി മിനി പാർക്കിനൊപ്പം നെടുമുരുപ്പ്, മധുമല എന്നിവിടങ്ങളിലെ ടൂറിസം സാദ്ധ്യതകൾ പരിശോധിക്കണം. ഇലന്തൂർ ജംഗ്ഷനിൽ പെട്രോൾ പമ്പിന് സമീപം വെയിറ്റിംഗ് ഷെഡ് നിർമ്മിക്കണം. ഇലന്തൂർ പടേനി ഗ്രാമമായി പ്രഖ്യാപിക്കുക, പഞ്ചായത്ത്‌ സ്റ്റേഡിയം നിർമ്മാണം, ഗവ. കോളേജ് കെട്ടിട നിർമ്മാണം വേഗത്തിലാക്കുക, വഴിയോര കച്ചവടം നിയന്ത്രിക്കുക, പൊതുശ്മശാനം തുടങ്ങിയ ആവശ്യങ്ങളും ഉയർന്നുവന്നു. ഇലന്തൂർ സർക്കാർ സ്കൂളിന്റെ അദ്ധ്യയന നിലവാരവും ഭൗതിക സാഹചര്യവും ഉയർത്താൻ ജനകീയ കൂട്ടായ്മയുടെ രൂപീകരണം, കുടുംബശ്രീകളുടെ സഹകരണത്തോടെ ഇലന്തൂരിലെ ഖാദി വസ്ത്ര നിർമ്മാണ യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളും ഉന്നയിക്കപ്പെട്ടു.