photo
അഞ്ജുവിന് സയൻസ് പഠിക്കാനുള്ള സർട്ടിഫിക്കേറ്റ് കെ.യു. ജനീഷ് കുമാർ എം.എൽ.എ കൈമാറുന്നു

കോന്നി : വള്ളിക്കോട് സ്വദേശിനി അഞ്ജുവിന് സയൻസ് പഠിക്കാനായിരുന്നു മോഹം. ആസ്‌ട്റോ ഫിസിക്‌സിൽ ഉപരിപഠനം നടത്തണമെന്നുള്ള മോഹം അഞ്ജുവിനെ സയൻസിന്റെ ഇഷ്ടക്കാരിയാക്കുകയായിരുന്നു. പത്താംക്ലാസ് കഴിഞ്ഞ് സ്വകാര്യ കമ്പ്യൂട്ടർ സ്ഥാപനം വഴി പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ നൽകി.

എന്നാൽ അപേക്ഷ അയച്ചകേന്ദ്രത്തിലെ അപാകത മൂലം ഹ്യൂമാനി​റ്റീസ് വിഷയങ്ങൾക്ക് മാത്രമാണ് അഞ്ജുവിന്റെ അപേക്ഷ അപ്‌ലോഡ് ചെയ്യപ്പെട്ടത്. പത്താംക്ലാസിൽ എട്ട് എ പ്ലസും രണ്ട് എ ഗ്രേഡും നേടി ഉയർന്ന വിജയം നേടിയ കുട്ടി സംഭവിച്ച അബദ്ധം പുറത്തുപറയാതെ ഹ്യൂമാനി​റ്റീസ് വിഷയത്തിന് ചേർന്നു. എന്നാൽ ഹ്യൂമാനി​റ്റീസ് പഠനത്തോട് അഞ്ജുവിന് താല്പര്യമില്ലായിരുന്നു.

ഈ വിഷയം വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായരുടെ ശ്രദ്ധയിൽപ്പെടുത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ കെ.യു.ജനീഷ് കുമാർ എം.എൽ.എയെ വിവരങ്ങൾ ധരിപ്പിച്ചു .

എം.എൽ.എ നിയമസഭാ സമ്മേളന കാലയളവിൽ വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽ അഞ്ജുവിന്റെ പ്രശ്‌നമെത്തിച്ചു.

ശാസ്ത്രം പഠിച്ചു മുന്നേറാനുള്ള കുട്ടിയുടെ അഭിരുചിക്ക്
സാങ്കേതികമായി ഉണ്ടായ പിഴവ് തടസമാകുന്ന അവസ്ഥ ഒഴിവാക്കാൻ ഇടപെടാമെന്ന് വിദ്യാഭ്യാസ മന്ത്രി എം.എൽ.എ യ്ക്ക് ഉറപ്പുനൽകി. തുടർന്ന് അഞ്ജു പഠിക്കുന്ന കാതോലിക്കേ​റ്റ് സ്‌കൂളിൽ സയൻസിന് അധികമായി ഒരു സീ​റ്റ് സൃഷ്ടിച്ച് തുടർ പഠനത്തിന് അനുമതി നൽകുകയായിരുന്നു. സർക്കാർ ഉത്തരവിന്റെ പകർപ്പ് കെ.യു. ജനീഷ് കുമാർ എം.എൽ.എ വള്ളിക്കോട്ടുള്ള അഞ്ചുവിന്റെ വീട്ടിലെത്തി കൈമാറി.