ഇലവുംതിട്ട : ഉന്നത നിലവാരത്തിലുള്ള നവീകരണ ജോലികൾ ഇഴഞ്ഞു നീങ്ങുന്നുവെന്ന ആരോപണമുള്ള ഓമല്ലൂർ-മഞ്ഞനിക്കര-മുളക്കുഴ റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ 25ന് മുൻപ് പൂർത്തിയാക്കാൻ മന്ത്രിയുടെ ഉത്തരവ്. ഒച്ചിഴയും വേഗത്തിൽ നടക്കുന്ന നിർമ്മാണ ജോലികളിൽ നാട്ടുകാർക്ക് എതിർപ്പുണ്ടെന്നും വേഗം കൂട്ടാൻ നടപടി വേണമെന്നും ആവശ്യപ്പെട്ട് വീണാ ജോർജ് എം.എൽ.എ. മന്ത്രി ജി.സുധാകരനെ നേരിൽ കണ്ട് അഭ്യർത്ഥിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥർക്കു മന്ത്രി കർശന നിർദ്ദേശം നൽകിയത്. റോഡിന് വേണ്ടി നിർമ്മിച്ച കലുങ്ക് കുഴിയിൽ ഒരാൾക്ക് വീണ് പരുക്കേൽക്കുകയും റോഡ് നിർമ്മാണത്തിന്റെ പേരിൽ നാളുകളായി തുടരുന്ന ഗതാഗത നിയന്ത്രണങ്ങളും പരാതിയായതിന്റെ അടിസ്ഥാനത്തിലാണ് ഉന്നതതല ഇടപെടൽ ഉണ്ടായത്.
ഇതിന്റെ അടിസ്ഥാനത്തിൽ മരാമത്ത് റോഡ്‌സ് വിഭാഗം ചീഫ് എൻജിനിയർ എതാനും ദിവസം മുമ്പ് റോഡ് കടന്നു പോകുന്ന വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് തയാറാക്കിയ റിപ്പോർട്ടും മന്ത്രിക്ക് നൽകിയിരുന്നു. രണ്ട് വർഷമായി തുടരുന്ന നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ഇതിനിടെ വിവിധ രാഷ്ട്രീയ പാർട്ടികളും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ആലക്കോടിനും, കിടങ്ങന്നൂരിനും മദ്ധ്യേ നിർമ്മിച്ച കലുങ്കു കുഴിയിൽ വീണാണ് രണ്ടാഴ്ച മുമ്പ് മെഴുവേലി സ്വദേശിയായ എബൽ മാത്യുവിന് പരിക്കേറ്റത്. സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെ നടക്കുന്ന നിർമ്മാണ ജോലികൾക്കെതിരെ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് മന്ത്രി തലത്തിൽ നിന്നു വരെ ഇടപെടൽ ഉണ്ടായത്.

-ഉദ്യോഗസ്ഥർക്ക് മന്ത്രിയുടെ കർശന നിർദ്ദേശം

-

പുനരുദ്ധാരണ പ്രവർത്തനങ്ങൾ 25 ന് മുൻപ് പൂർത്തിയാക്കും

------------------
ഓമല്ലൂർ ഇലവുംതിട്ട റോഡിന്റെ വീതി കൂട്ടുന്ന ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. അടുത്താഴ്ച ബി.എം.ബിസി നിലവാരത്തിൽ ടാറിംഗ് ജോലികൾ ആരംഭിക്കും' '
വി.വിനീത

(എ.ഇ.പൊതുമരാമത്ത് റോഡ്‌സ് വിഭാഗം പത്തനംതിട്ട).

----------------

-കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണത്തിന 22.50 കോടി

-റോഡിന് 16.02 കിലോമീറ്റർ ദൈർഘ്യം

-23 കലുങ്കുകൾ, 1500 മീറ്റർ നീളത്തിൽ ഓട