
കൊവിഡിനെ തുരത്താൻ സാമൂഹിക അകലം എന്ന സർക്കാർ നിർദേശം അക്ഷരം പ്രതി അനുസരിക്കുന്ന ഒരേയൊരു വിഭാഗമേ പത്തനംതിട്ടയിലുള്ളൂ. അത് നമ്മുടെ കെ.എസ്.ആർ.ടി.സിയാണ്. മാർച്ച് മാസത്തിൽ കൊവിഡ് ലോക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ മുതൽ തുടങ്ങിയതാണ് കെ.എസ്.ആർ.ടി.സിയുടെ സാമൂഹിക അകലം. ആ നിർദേശത്തെ വിശാലമായ കാഴ്ചപ്പാടിലാണ് കെ.എസ്.ആർ.ടി.സി കാണുന്നത്. അതായത്, സാമൂഹ്യക അകലം എന്നാൽ യാത്രക്കാരിൽ നിന്ന് എപ്പോഴും അകലം പാലിച്ച് നൽക്കുക.
സർവീസ് പലതും നടത്താതിരിക്കുക, ഉള്ളത് സമയത്ത് നടത്താതിരിക്കുക, കൈ കാണിച്ചാൽ യാത്രക്കാരെ കയറ്റാതിരിക്കുക, വൈകിട്ട് ആറ് മണിക്ക് സർവീസ് അവസാനിപ്പിച്ച് വീട് പിടിക്കുക എന്നീ വിക്രിയകൾ കാട്ടി അകല നിർദേശം അവർ അപ്പാടെ നടപ്പാക്കിയിരിക്കുന്നു. ഇത്യാദി കാര്യങ്ങൾ പരിഗണിച്ച് മികച്ച സേവനത്തിനുള്ള അവാർഡ് പത്തനംതിട്ടയിലെ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് കൊടുക്കണം.
കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ബസിലെ സീറ്റിൽ ഒന്നും രണ്ടും യാത്രക്കാരെ കയറ്റിക്കൊള്ളാൻ സർക്കാർ നിർദേശിച്ചെങ്കിലും പത്തനംതിട്ടയിലെ കെ.എസ്.ആർ.ടി.സി ഡിപ്പോ അധികൃതരും, പത്തനംതിട്ടയിലേക്ക് ബസ് സർവീസ് നടത്തുന്ന മറ്റ് ജില്ലകളിലെ ഡിപ്പോക്കാരും ഒട്ടും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. എങ്ങനെ ബസുകൾ നിരത്തിലിറക്കാതിരിക്കാം എന്ന പഠനത്തിലാണ് ഒരു വിഭാഗം.
പണ്ടേ ഉറക്കം, പിന്നെ...
വൈകിട്ട് ആറര കഴിഞ്ഞാൽ ഉറങ്ങുന്ന നഗരം എന്നാണ് പത്തനംതിട്ടയെക്കുറിച്ച് പുറത്തുള്ളവർ പറയുന്നത്. അതിന് കാരണങ്ങൾ പലതുണ്ട്. അതിൽ പ്രധാന സംഭാവന കെ.എസ്.ആർ.ടി.സിയുടേതാണ്. രാത്രി ഏഴു മണിയോടെ പത്തനംതിട്ട നഗരത്തിൽ എത്തുന്നയാൾക്ക് പുറത്തേക്കു പോകാൻ പൊതു ഗതാഗതമില്ല. 'എട്ടായാൽ പെട്ടു' എന്നൊരു ചൊല്ല് ഇവിടെ ഉയർന്നു കേൾക്കുന്നുണ്ട്. കൊവിഡ് ലോക്ഡൗണിന് മുൻപ് വരെ പത്തനംതിട്ടയിൽ നിന്ന് പ്രധാന പാതയായ എം.സി റോഡിലേക്ക് പോകാൻ രാത്രി 12 വരെ കെ.എസ്.ആർ.ടി.സി സർവീസ് ഉണ്ടായിരുന്നതാണ്. ഇപ്പോൾ രാത്രി സർവീസ് എഴരയോടെ അവസാനിക്കും. എം.സി റോഡിലെ പ്രധാന ടൗണുകളിൽ ഒന്നായ അടൂരിലേക്ക് ലോക്ഡൗണിന് മുൻപ് വരെ രാത്രി ഒൻപത് വരെ ബസ് സർവീസ് ഉണ്ടായിരുന്നു. ഇപ്പോൾ ഏഴ് മണിയോടെ അടൂർ യാത്ര അവസാനിക്കും. തിരുവല്ലയ്ക്ക് രാത്രി 10 വരെ ബസുണ്ടായിരുന്നു. ഇപ്പോൾ 7.45ന് ബസ് എത്തിയാലായി. പ്രധാന റെയിൽവേ സ്റ്റേഷനായി ചെങ്ങന്നൂരിലേക്ക് ലോക് ഡൗൺ ഇളവുകൾ നിലവിൽ വന്നിട്ടും ബസ് സർവീസ് നടത്തുന്നില്ല. എട്ടു മണിയ്ക്കുള്ള വടശേരിക്കര ട്രിപ്പോടെ മലയോര സർവീസുകൾ അവസാനിക്കും.
രാത്രി പത്ത് വരെയെങ്കിലും പത്തനംതിട്ടയിൽ നിന്ന് ബസ് സർവീസ് വേണമെന്ന് യാത്രക്കാരുടെ കൂട്ടായ്മ നിരവധി തവണ നിവേദനം നൽകിയിട്ടുള്ളതാണ്. മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും കെ.എസ്.ആർ.ടി.സി എം.ഡിക്കും പരാതികൾ നൽകിയിട്ടും നിരാശയായിരുന്നു ഫലം.
വരട്ടുവാദം
അടുത്തിടെ, രാത്രി ഏഴിന് ശേഷം സർവീസ് നടത്താത്തതിന്റെ കാരണം അന്വേഷിച്ച യാത്രക്കാരോട് കെ.എസ്.ആർ.ടി.സി അധികൃതർ പല ന്യായവാദങ്ങളാണ് നിരത്തിയത്. യാത്രക്കാർ ഇല്ലാത്തതുകൊണ്ട് ബസില്ല എന്നായിരുന്നു അധികൃതരുടെ ആദ്യ നിലപാട്. ബസ് സർവീസ് നടത്തുമ്പോഴാണല്ലോ യാത്രക്കാരെ കിട്ടുന്നത് എന്നു ചോദിച്ചാൽ രാത്രി സർവീസ് നഷ്ടം എന്നാണ് അധികൃതരുടെ അടുത്ത വാദം. പത്തനംതിട്ടയിലെ സ്വകാര്യ സ്ഥാപനങ്ങളിലും കടകളിലും ജോലി ചെയ്യുന്നവരാണ് രാത്രി യാത്രക്കാരിലധികവും. എം.സി. റോഡിലെത്തി തിരുവനന്തപുരം, എറണാകുളം റൂട്ടിൽ പോകേണ്ടവരുമുണ്ട്. ഇവർ ഇപ്പോൾ ഓട്ടോറിക്ഷകളിലും കാറുകളിലുമാണ് യാത്ര. ലോക്ഡൗൺ ഉണ്ടാക്കിയ സാമ്പത്തിക ഞെരുക്കത്തിനിടയിൽ രാത്രി ഓട്ടോറിക്ഷകൾ പിടിച്ച് വൻ തുക ചാർജ് കൊടുത്ത് വീടണയേണ്ട ഗതികേടിലാണ് ജില്ലാ ആസ്ഥാനത്ത് ജോലി ചെയ്യുന്നവർ.
അട്ടിമറിയോ?
ലാഭകരമായി സർവീസ് നടത്തിയിരുന്ന പത്തനംതിട്ട - കൊല്ലം, പത്തനംതിട്ട - തിരുവല്ല, പത്തനംതിട്ട - കോട്ടയം റൂട്ടുകളിൽ പകൽ പകുതി സർവീസുകൾ മാത്രമാണ് നടത്തുന്നത്. രാത്രി സർവീസ് മുടക്കുകയും ചെയ്തു. ഇൗ റൂട്ടുകളിൽ സ്വകാര്യ ബസുകളുടെ അനധികൃത കൈയേറ്റം കണ്ട് യാത്രക്കാർ അട്ടിമറി സംശയിച്ചാൽ അവരെ കുറ്റം പറയാനാകുമോ?. വർഷങ്ങൾക്കു മുൻപ് പത്തനംതിട്ട-കൊല്ലം വേണാട് സർവീസ് അട്ടിമറിക്കാൻ നടത്തിയ ശ്രമം പരാജയപ്പെടുത്തിയത് അന്നത്തെ കെ.എസ്.ആർ.ടി.സി എം.ഡിയായിരുന്ന ടി.പി.സെൻകുമാർ നേരിട്ടെത്തിയാണ്. സ്വകാര്യ ബസുകൾക്ക് പിന്നാലെ അകലമിട്ട് പൊയ്ക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി സർവീസുകൾ വൻ നഷ്ടത്തിലേക്ക് കൂപ്പുകത്തിയപ്പോഴാണ് എം.ഡി. നേരിട്ട് ഇറങ്ങിയത്. കൊല്ലത്ത് നിന്ന് പത്തനംതിട്ടയ്ക്ക് കെ.എസ്.ആർ.ടി.സിയിൽ യാത്ര ചെയ്ത അദ്ദേഹം ചില ജീവനക്കാരും സ്വകാര്യ ബസ് ജീവനക്കാരും തമ്മിലുളള ഒത്തുകളി കണ്ടെത്തിയിരുന്നു. സമാനമായ ഒത്തുകളിയാണ് ഇപ്പോൾ ഇൗ റൂട്ടിൽ അരങ്ങേറിക്കാെണ്ടിരിക്കുന്നത്. രാവിലെയും വൈകിട്ടും യാത്രക്കാരുടെ തിരക്കുള്ള സമയങ്ങളിൽ സ്വകാര്യ ബസുകൾക്ക് പിന്നിലായി സാമൂഹിക അകലം പാലിച്ചാണ് കെ.എസ്.ആർ.ടി.സിയുടെ യാത്ര. പത്തനംതിട്ടയിൽ നിന്ന് തിരുവല്ല. കോന്നി, റാന്നി റൂട്ടുകളിലും ഇത്തരം സൗഹൃദയാത്രകൾ കാണാം.
യാത്രക്കാർക്ക് കെ.എസ്.ആർ.ടി.സിയോട് പറയാനുള്ളത് ഇതാണ്: ഒന്നുകിൽ നിങ്ങൾ സർവീസുകൾ പൂർണമായി അവസാനിപ്പക്കുക. അല്ലെങ്കിൽ മാന്യമായി ബസുകൾ ഒാടിച്ച് ലാഭകരമായ സർവീസുകൾ തിരിച്ചു പിടിക്കുക.