അടൂർ : അടൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ ബഹുനില മന്ദിരം 18 ന് ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം രൂപീകരിച്ചു. സ്കൂൾ വികസന സമിതി ചെയർമാൻ എ. പി. ജയന്റെ അദ്ധ്യക്ഷതയിൽ നടന്ന സ്വാഗതസംഘ രൂപീകരണ യോഗം ചിറ്റയം ഗോപകുമാർ എം. എൽ. എ ഉദ്ഘാടനം ചെയ്തു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 8 കോടി രൂപ വിനിയോഗിച്ചാണ് മൂന്ന് നിലയിലുള്ള കെട്ടിടം നിർമ്മിച്ചത്. 5 ലക്ഷം രൂപ കിഫ്ബിയിൽ നിന്നും 3 കോടി രൂപ ചിറ്റയം ഗോപകുമാർ എം. എൽ. എ യുടെ ഫണ്ടിൽ നിന്നുമാണ് അനുവദിച്ചത്. നിയോജക മണ്ഡലത്തിലെ ഒരു സ്കൂൾ ഹൈടെക് ആക്കുന്ന പദ്ധതിയിൽ അടൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിനെയായിരുന്നു ചിറ്റയം ഗോപകുമാർ എം. എൽ. എ തിരഞ്ഞെടുത്തത്. പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുന്നതോടെ ക്ളാസ് മുറികളും പഠനവും ഹൈടെക് ആയി മാറുന്നതിനൊപ്പം സ്ഥലപരിമിതിക്കും പരിഹാരമാകും. 2018 ജൂൺ 1 നാണ് പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം നടന്നത്. ചെന്നൈ ആസ്ഥാനമായുള്ള എം. കെ. എം. എസ് കമ്പനിക്കായിരുന്നു നിർമ്മാണ ചുമതല. ഒൻപത് മാസമായിരുന്നു നിർമ്മാണ കാലവാധി. പത്തനംതിട്ട ജില്ലയിൽ അഞ്ച് സ്കൂളുടെ നിർമ്മാണം ഇൗ കമ്പനിയാണ് ഏറ്റെടുത്തിരുന്നത്. അദ്യഘട്ടത്തിൽ ദ്രുതഗതിയിൽ നീങ്ങിയ നിർമ്മാണം 2018 ലെ പ്രളയത്തോടെ തകിടം മറിഞ്ഞു. തുടർന്ന് കമ്പനി നിർമ്മാണം ഇഴച്ച് നീക്കിയതോടെ കിഫ്ബി ഇടപെട്ട് പണി നിറുത്തിവയ്പ്പിക്കുകയും പിന്നീട് കരാറിൽനിന്ന് ഒഴിവാക്കുകയും ചെയ്തു. കൊല്ലം ആസ്ഥാനമായുള്ള സൗത്ത് ഇന്ത്യൻ കൺസ്ട്രക്ഷൻ കമ്പനിക്കാണ് തുടർന്ന് കരാർ നൽകിയത്. 2020 ഡിസംബറിൽ നിർമ്മാണം പൂർത്തീകരിക്കണമെന്നതായിരുന്നു കരാറെങ്കിലും അത് രണ്ട് മാസംകൂടി വീണ്ടും നീണ്ടു. പുതിയ ബ്ളോക്കിന് പുറമേ നിലവിൽ പ്രവേശന കവാടത്തിന് സമീപമുള്ള രണ്ട് കെട്ടിടങ്ങളുടെ മുകളിലായി ഹൈസ്കൂൾ 6 ക്ളാസ് മുറികൾ കൂടി നിർമ്മിച്ചു. ശ്രീമൂലം തിരുനാൾ രാജാവിന്റെ ഷഷ്ടിപൂർത്തി സ്മാരകമായി നിമ്മിച്ച പഴയ സ്കൂൾ മന്ദിരം അതിന്റെ പഴമയും തനിമചോരാതെ ഹൈസ്കൂൾ വിഭാഗമായി നിലനിൽക്കുകയും ചെയ്യും.
-------------------
നിമ്മാണ ചെലവ് - 8 കോടി
നാല് ബ്ളോക്കുകൾ
പുതിയ ബ്ളോക്കിൽ
13 ക്ളാസ് മുറികൾ
5 ലാബുകൾ
മിനി കോൺഫറൻസ്ഹാൾ,
പ്രിൻസിപ്പലിന്റെ മുറി
സ്റ്റാഫുകൾക്കുള്ള മുറി
6 ശുചിമുറികൾ.