
പത്തനംതിട്ട : ജില്ലയിൽ കൊവിഡ് രോഗികൾക്ക് കാര്യമായ കുറവൊന്നും ഉണ്ടാകുന്നില്ല. ദിവസവും അഞ്ഞൂറോ അതിലധികമോ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഒന്നിലധികം മരണവും. 3867 പേരാണ് കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ മരണപ്പെട്ടത്.
ജില്ലയിൽ കൊവിഡ് ബാധിച്ച് 91 പേർ മരിച്ചു. കൊവിഡ് ബാധിക്കുകയും മറ്റ് രോഗങ്ങളുടെ സങ്കീർണത മൂലവും മരിച്ചത് 195 പേരാണ്. ഔദ്യോഗികമായി ആരോഗ്യവകുപ്പിന്റെ രേഖകളിൽ ഉള്ള കണക്കാണിത്. മറ്റ് ജില്ലകളെ അപേക്ഷിച്ച് ജില്ലയിൽ മരണ നിരക്ക് കുറവാണെന്നും ആരോഗ്യ വകുപ്പ് അധികൃതർ വിശദീകരിക്കുന്നു.
രണ്ട് രീതിയിലുള്ള മരണമായതിനാൽ ജില്ലയിൽ നിലവിലെ കൊവിഡ് കണക്കുകളുടെ ബുള്ളറ്റിനിൽ ദിവസേനയുള്ള മരണം മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നത്. ആകെ മരണം റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. മരണ കണക്കുകൾ സങ്കീർണമായതിനാലാണ് ഈ റിപ്പോർട്ടുകൾ ഒഴിവാക്കുന്നത്. ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരിലേറെയും മറ്റ് രോഗങ്ങൾ മൂലം മരിച്ചവരാണെന്നും ആരോഗ്യ വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.
കാൻസർ, പ്രമേഹം, പ്രഷർ, കരൾരോഗം, ഹൃദ്രോഗം എന്നിവ മൂലം മരിച്ചതായാണ് കണക്ക്. എന്നാൽ ഇത് കൊവിഡ് ബാധിച്ച് മരിച്ച കണക്കിന്റെ പരിധിയിൽപ്പെടില്ല. ഷുഗറും പ്രഷറുമൊക്കെയുള്ളവരാണ് ജില്ലയിലേറെയും. ആകെ നോക്കിയാൽ കൊവിഡ് ബാധിതരായ 286 പേർ ജില്ലയിൽ മരിച്ചിട്ടുണ്ടെന്ന് കണക്കാക്കാം.
കുതിക്കുന്ന കൊവിഡ്
ശബരിമല തീർത്ഥാടനവും തിരഞ്ഞെടുപ്പും കഴിഞ്ഞ ശേഷം അഞ്ഞൂറോളം കൊവിഡ് കേസുകൾ ദിവസവും ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. നൂറും ഇരുന്നൂറും പേർ പങ്കെടുക്കുന്ന പരിപാടികളാണ് പലയിടത്തായി നടക്കുന്നത്. പ്രതിഷേധ മാർച്ചും ധർണയും സാമൂഹികാകലമോ മാസ്ക് ശരിയായി ധരിച്ചല്ല നടത്തുന്നത്. ഇത് ആരോഗ്യ വകുപ്പിനും അറിയാം. മരണകണക്കുകൾ കൂടി വരുമ്പോഴും അധികൃതർ നിസംഗത പാലിക്കുകയാണ്.
ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരിൽ 72 ശതമാനം പുരുഷൻമാരും 28 ശതമാനം സ്ത്രീകളുമാണ്. എൺപത് മുതൽ തൊണ്ണൂറ് വയസ് വരെയുള്ള ആളുകളാണ് മരിച്ചതിലധികവും.
മുനിസിപ്പാലിറ്റികളിൽ അടൂരും പഞ്ചായത്തിൽ പള്ളിക്കലുമാണ് കൊവിഡ് കേസുകളിൽ മുന്നിൽ
"കൊവിഡ് കണക്കുകൾ കുറയുന്നില്ലെന്നത് വാസ്തവമാണ്. നിർദേശങ്ങൾ നൽകുന്നുണ്ട്. പാലിക്കപ്പെടുന്നുണ്ടോയെന്നത് പരിശോധിക്കുന്നത് ഉദ്യോഗസ്ഥരാണ്. "
ഡോ. സി.എസ് നന്ദിനി
ഡെപ്യൂട്ടി ഡി.എം.ഒ
244 പേർക്ക് കൊവിഡ് പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 244 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ ഏഴു പേർ വിദേശത്ത് നിന്ന് വന്നവരും, ഏഴു പേർ മറ്റുസംസ്ഥാനങ്ങളിൽ നിന്ന് വന്നവരും, 230 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 15 പേരുണ്ട്. ജില്ലയിൽ ഇതുവരെ ആകെ 48,237 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 42,961 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്. ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതനായ ഒരാളുടെ മരണം റിപ്പോർട്ട് ചെയ്തു. കുറ്റപ്പുഴ സ്വദേശി (53) ആണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. തുടർന്നു നടത്തിയ പ്രാഥമിക സ്രവ പരിശോധനയിൽ രോഗബാധ സ്ഥിരീകരിച്ചു. ഇന്നലെ 423 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 42094 ആണ്.