c

അരുവാപ്പുലം: പാൽ ഉത്പ്പാദത്തിൽ ജില്ലയിൽ മുൻനിരയിൽ നിൽക്കുന്ന മലയോരപ്രദേശങ്ങളിൽ വേനൽ കടുത്തതോടെ വെള്ളത്തിനും പച്ചപ്പുല്ലിനും ക്ഷാമമായി. അമിതവില നൽകി കച്ചിയും കാലിത്തീറ്റയും വാങ്ങി നൽകേണ്ട ഗതികേടിലാണ് കർഷകർ. ചൂട് വർദ്ധിച്ചതോടെ പാലുത്പാദനം പകുതിയായി കുറഞ്ഞു. സൊസൈറ്റികളും സംഭരണ കേന്ദ്രങ്ങളും വഴി പ്രതിദിനം ലിറ്റർ കണക്കിന് പാലാണ് മലയോര മേഖലയിൽ സംഭരിച്ചിരുന്നത്. പച്ചപ്പ് കരിഞ്ഞുണങ്ങിയതോടെ കന്നുകാലികളെ മേയാൻ വിടാനും കഴിയുന്നില്ല. ജലാശയങ്ങളും തോടുകളും വറ്റിവരണ്ടത് കന്നുകാലികളെ കുളിപ്പിക്കുന്നതിനും തടസമായി. കാലാവസ്ഥാ വ്യതിയാനവും കൃത്രിമകാലിത്തീറ്റയിലെ പോഷകക്കുറവും സങ്കരയിനം പശുക്കളിലെ പാലുത്പാദനം കുറയുന്നതിനും ഗർഭധാരണം വൈകുന്നതിനും കാരണമാകുന്നതായി കർഷകർ പറയുന്നു. തമിഴ്‌നാട്ടിൽ നിന്നുള്ള വൈക്കോലിന്റെ വരവ് കുറഞ്ഞതും പ്രതിസന്ധിയാവുകയാണ്.

ഫാമുകളും കർഷകരും കന്നുകാലികളുടെ എണ്ണം കുറച്ചാണ് പ്രതിസന്ധി മറികടക്കാൻ ശ്രമിക്കുന്നത്. ചെറുകിട ക്ഷീരകർഷകർ കന്നുകാലികളെ വിൽക്കാനും നിർബന്ധിതരാകുന്നു.

സഹായങ്ങൾ നൽകണം

പാൽ ഉത്പ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ വിവിധങ്ങളായ സഹായങ്ങൾ കർഷകരിലേക്ക് എത്തിക്കാൻ കഴിയണമെന്നാണ് കർഷകരുടെ ആവശ്യം. കാലിത്തീറ്റയ്ക്ക് സബ്‌സിഡി, കന്നുകുട്ടികൾക്ക് സബ്‌സിഡി നിരക്കിലുള്ള തീറ്റ വിതരണം, തീറ്റപ്പുൽ കൃഷിക്കുള്ള സഹായം, കറവയന്ത്രങ്ങൾ വാങ്ങുന്നതിനുള്ള സഹായം, തൊഴുത്ത് നിർമ്മാണത്തിനുള്ള സഹായം എന്നിവ പലപ്പോഴായി നടപ്പാക്കുന്നണ്ടങ്കിലും വരൾച്ച കണക്കിലെടുത്ത് മലയോരത്തെ ക്ഷീരവികസന മേഖലയിൽ ഇനിയും പദ്ധതികൾ എത്തിക്കാൻ കഴിയണം. സർക്കാർ സംരംഭമായ കേരള ഫീഡ്‌സ്, മിൽമ എന്നിവയുടെ കാലിത്തീറ്റകൾക്ക് വില കൂട്ടുന്നതനുസരിച്ച് സ്വകാര്യ കമ്പനികളും വില വർദ്ധിപ്പിക്കുകയാണ്.

-----------------

മലയോര മേഖലയിലെ ക്ഷീരകർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം വേണം. ഏക വരുമാനമാർഗമായ പശുവളർത്തൽ അവസാനിപ്പിക്കേണ്ടി വരുമോ എന്ന ആശങ്കയാണുള്ളത്.

ക്ഷീര കർഷകർ