yogam
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിൽ നടന്ന സി.ഡി.എസ് പ്രതിനിധികളുടെ യോഗം വൈസ് പ്രസിഡന്റ് ബിനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: പുളിക്കീഴ് ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളിൽ ജൈവകൃഷി വ്യാപിപ്പിക്കുന്ന പദ്ധതിക്ക് തുടക്കംകുറിച്ചു. കടപ്ര പഞ്ചായത്തിലെ കുടുംബശ്രീയെ ബന്ധിപ്പിച്ചുകൊണ്ട് ബ്ലോക്ക് ഓഫീസ് വളപ്പിൽ ജൈവകൃഷി ചെയ്തുകൊണ്ട് പദ്ധതി ഉടൻ ആരംഭിക്കാൻ തീരുമാനമായി. ബ്ലോക്കിന്റെ പരിധിയിലെ നെടുമ്പ്രം,നിരണം, കടപ്ര,കുറ്റൂർ,പെരിങ്ങര പഞ്ചായത്തുകളിലെ തരിശുഭൂമികൾ കണ്ടെത്തി സി.ഡി.എസ് മെമ്പർമാർ മുഖേന പട്ടിക തയാറാക്കും. പച്ചക്കറിക്കൃഷി കൂടാതെ മുല്ലകൃഷി,ബന്ധിപൂവ്,കരിമ്പ് തുടങ്ങി കാലാവസ്ഥയ്ക്ക് അനുയോജ്യമായ മറ്റു കാർഷികവിളകളും കൃഷിചെയ്യും. ഉൽപ്പന്നങ്ങൾക്ക് വിപണന സഹായവും ബ്ലോക്ക് തലത്തിൽ ഉറപ്പാക്കും. പുളിക്കീഴ് ബ്ലോക്കിനെ തരിശുരഹിത ബ്ലോക്കായി മാറ്റുവാൻ കുടുംബശ്രീ അംഗങ്ങളുടെ സേവനം ഉറപ്പാക്കുവാനും തീരുമാനിച്ചു. ഹരിതകേരള മിഷൻ നേതൃത്വം നൽകുന്ന പരിപാടിയുടെ ഭാഗമായി ചേർന്ന സി.ഡി.എസ് പ്രതിനിധികളുടെ യോഗം വൈസ് പ്രസിഡന്റ് ബിനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം സി.കെ.അനു അദ്ധ്യക്ഷയായി.ഹരിതകേരളം മിഷൻ റിസോഴ്‌സ് പേഴ്‌സൺമാരായ എസ്.വി സുബിൻ,ശരണ്യ എസ്.മോഹൻ, കുടുംബശ്രീ ബ്ലോക്ക്‌ കോർഡിനേറ്റർ ധനേഷ് എം.പണിക്കർ,പഞ്ചായത്തുകളിലെ സി.ഡി.എസ് ചെയർപേർസൺമാരായ പി.കെ.സുജ (നെടുമ്പ്രം), വി.എസ്.ലീലാമ്മ (കുറ്റൂർ), സുലോചന അപ്പുക്കുട്ടൻ (നിരണം), മറ്റു പഞ്ചായത്തുകളിലെ സി.ഡി.എസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

തരിശുഭൂമി സർവേയിലൂടെ കണ്ടെത്തും


കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിൽ ഓരോ പഞ്ചായത്തിലെയും കൃഷിയുള്ളതും ഇല്ലാത്തതുമായ വീടുകളുടെ സർവേ നടത്തും. 10ന് മുമ്പ് സർവേ പൂർത്തിയാക്കി 15നകം കൃഷി വകുപ്പുമായി ചേർന്ന് തൈകൾ എത്തിക്കാൻ നടപടി സ്വീകരിക്കും. ഗ്രുപ്പുകളായി പാട്ടക്കൃഷി ചെയ്യുന്നവർ,കൃഷിയോഗ്യമായ തരിശുഭൂമികൾ പാട്ടത്തിന് നൽകാത്ത ഉടമകൾ എന്നിവരുടെ ലിസ്റ്റും പ്രത്യേകം തയ്യാറാക്കും. കൃഷിചെയ്യാൻ ഭൂമി വിട്ടുനൽകാത്തവർക്ക് പഞ്ചായത്ത്‌ നോട്ടീസ് നൽകി കൃഷിയോഗ്യമാക്കാനുള്ള ശ്രമവും നടത്തും.

-ബ്ലോക്ക് പരിധിയിൽ 865 കുടുംബശ്രീകൾ

കുറ്റൂർ -205,

നെടുമ്പ്രം-169,

നിരണം-158,

പെരിങ്ങര-176,

കടപ്ര-157