 
കോന്നി : മലയോരത്തിന്റെ അഭിമാനമായ കോന്നി ഗവ.മെഡിക്കൽ കോളേജിൽ കിടത്തിച്ചികിത്സ നാളെ തുടങ്ങുമെന്ന് അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ.എ പത്രസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 6.30 ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം നിർവ്വഹിക്കും. എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധിയുടെ കിസോസ്കിന്റെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിക്കും. ജില്ലാ കളക്ടർ ഡോ. നരസിംഹുഗാരി ടി.എൽ.റെഡ്ഡി റിപ്പോർട്ട് അവതരിപ്പിക്കും. ആന്റോ ആന്റണി എം.പി, എം.എൽ.എമാരായ മാത്യു.ടി.തോമസ്, രാജു ഏബ്രഹാം, ചിറ്റയം ഗോപകുമാർ, വീണാജോർജ്ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ തുടങ്ങിയവർ പ്രസംഗിക്കും.
2020 സെപ്തംബർ 14 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് മെഡിക്കൽ കോളേജ് ഒ.പി വിഭാഗം സമർപ്പിച്ചത്. 32900 സ്ക്വയർ മീറ്റർ വിസ്തീർണ്ണമുള്ള ആശുപത്രി കെട്ടിടമാണ് നിർമ്മിച്ചിട്ടുള്ളത്. പ്രതിദിനം മുന്നൂറോളം രോഗികൾ ഒ.പിയിൽ ചികിത്സ തേടി എത്തുന്നുണ്ട്. മെഡിസിൻ,സർജറി,ശിശുരോഗം, അസ്ഥി രോഗം, ഇ.എൻ.ടി, നേത്ര രോഗം, സൈക്കാട്രി വിഭാഗങ്ങളാണ് ഒ.പിയിൽ പ്രവർത്തിക്കുന്നത്. ഇന്ന് മുതൽ ഗൈനക്കോളജി, ദന്തൽ ഒ.പികളും പ്രവർത്തിക്കും. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.സി.എസ്. വിക്രമൻ, സൂപ്രണ്ട് ഡോ. സജിത് കുമാർ, എച്ച്.എൻ.എൽ ചീഫ് പ്രൊജക്ട് മാനേജർ ആർ. രതീഷ് കുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ആദ്യഘട്ടം നൂറ് കിടക്കകൾ
നൂറ് കിടക്കകളോടുകൂടിയാണ് കിടത്തിച്ചികിത്സ തുടങ്ങുന്നത്. തുടർന്ന് 300 കിടക്കകളായി വർദ്ധിപ്പിക്കും. സംസ്ഥാനത്ത് ആദ്യമായി പേഷ്യന്റ് അലാറം സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂട്ടിരിപ്പുകാർക്കും ആവശ്യമായ സൗകര്യം ഏർപ്പെടുത്തും.
108 ഡോക്ടർമാർ
108 ഡോക്ടർമാരുടെ തസ്തികയാണ് അനുവദിച്ചിട്ടുള്ളത്. 285 ഇതര ജീവനക്കാരുടെയും. കിടത്തിച്ചികിത്സ ആരംഭിക്കുന്നതിനായി 26 ഡോക്ടർമാർ ഉൾപ്പടെ 286 തസ്തികൾ പുതിയതായി അനുവദിച്ചു.
വാർഡുകൾ ഒരുങ്ങുന്നു
കിടത്തിച്ചികിത്സയ്ക്കായി വാർഡുകൾ തയ്യാറാക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ക്രമീകരണങ്ങൾക്ക് എം.എൽ.എ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഐ.പി ലാബ് സജ്ജീകരിക്കുന്നതിന് വേണ്ടി പൂർണ്ണമായും ഓട്ടോമാറ്റിക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ബയോമെട്രിക് അനലൈസറും ലഭ്യമാക്കിയിട്ടുണ്ട്. വിശ്രമ സ്ഥലത്ത് ചെയർ സ്ഥാപിച്ചു. മൈനർ ഓപ്പറേഷൻ തീയേറ്ററും ക്രിട്ടിക്കൽ കെയർ യൂണിറ്റും സജ്ജമാക്കി.
കൂടുതൽ സൗകര്യം
വിശ്രമ സൗകര്യം ഉൾപ്പടെയുള്ള നഴ്സിംഗ് സ്റ്റേഷന്റെ നിർമ്മാണം പൂർത്തീകരിച്ചു.
വാർഡിലേക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങളും എത്തിച്ചു. ക്യാന്റീന്റെ ഭാഗമായ കഫ്റ്റീരിയ മുഴുവൻ സമയവും പ്രവർത്തന സജ്ജമാക്കി. കുടുംബശ്രീയുടെ നേതൃത്വത്തിലാണിത്. ഉച്ചഭക്ഷണം ഉൾപ്പടെ ഇവിടെ ലഭിക്കും.
മെഡിക്കൽ കോളേജിലേക്ക് കൂടുതൽ ഗതാഗത സൗകര്യം ഏർപ്പെടുത്തും.
എല്ലാവിധ സംവിധാനങ്ങളോടും കൂടിയാണ് ഐ.പി തുടങ്ങുന്നത്. 241 കോടിയുടെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങും. ക്ളാസുകൾ ആരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. റോഡ് വികസനം മൂന്ന് ഘട്ടമായി നടത്തും. പ്രതിദിനം 50 ലക്ഷം ലിറ്റർ ജലം സംഭരിക്കാൻ കഴിയുള്ള ശുദ്ധജല വിതരണ പദ്ധതി പൂർത്തീകരിച്ചു.
കെ.യു. ജനീഷ് കുമാർ എം.എൽ.എ