മല്ലപ്പള്ളി -തെള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭകാർത്തിക ഉത്സവത്തിന് നാളെ കൊടിയേറും. വൈകിട്ട് 6നും 6.30നും മദ്ധ്യേ തന്ത്രി പറമ്പൂരില്ലത്ത് ത്രിവിക്രമൻ നാരായണൻ ഭട്ടതിരിപ്പാട് കൊടിയേറ്റ് നിർവഹിക്കും. കാർത്തിക ദിനമായ 19ന് വൈകിട്ട് ആറാട്ടോടെ കൊടിയിറങ്ങും. 11മുതൽ 16വരെ യജ്ഞാചാര്യൻ പാവുമ്പ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ഭാഗവത പാരായണം . 11ന് വൈകിട്ട് 7ന് ക്ഷേത്രത്തിലെ സ്ഥിരം യജ്ഞവേദിയുടെ നിർമ്മാണ ഉദ്ഘാടനവും വെബ്‌സൈറ്റ് ഉദ്ഘാടനവും മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ നിർവഹിക്കും. ജനപ്രതിനിധികളായ പി.എ. അനിൽകുമാർ, ശ്രീജ ടി. നായർ, ജില്ലാതല കാവ്യാലാപന ജേതാവ് സാന്ദ്ര എസ്. പിള്ള , അമൃതശ്രീ വി. പിള്ള, എന്നിവരെ ആദരിക്കും. 12ന് രാത്രി 8ന് ഹൃദയ ജപലഹരി, 14ന് രാത്രി 8ന് നൃത്ത സംഗീതസന്ധ്യ, 16ന് രാത്രി 8ന് കുത്തിയോട്ടം, 17ന് രാത്രി 7ന് ഹരീഷ് മാരാർ, ഡോ. നന്ദിനി വർമ്മ എന്നിവർ നേതൃത്വം നൽകുന്ന ദമ്പതി തായമ്പക,18ന് ഉച്ചക്ക് ഒന്നിന് ഉത്സവബലി ദർശനം, രാത്രി 9ന് ശ്രീമൂലസ്ഥാനമായ കുറിഞ്ഞിക്കാട്ടുകാവിലേക്ക് കാവടി വിളക്ക് ഘോഷയാത്ര. 12ന് പള്ളിവേട്ട. 19ന് വൈകിട്ട് 5.30ന് പഞ്ചാരിമേളം, 8.30ന് കൊടിയിറക്ക്. 9.30ന് ആറാട്ട് എന്നിവയോടെ ഉത്സവം സമാപിക്കുമെന്ന് പ്രസിഡന്റ് വാമദേവൻ നായർ, സെക്രട്ടറി അശോക് ആർ കുറുപ്പ് എന്നിവർ അറിയിച്ചു.