മല്ലപ്പള്ളി : പാറക്കടവിന് വീണ്ടും സിംഗിൾ ടെണ്ടർ നിർമ്മാണം വൈകിയേയ്ക്കും. മണിമലയാറ്റിൽ കീഴ്വായ്പ്പൂര് - പരിയാരം കരകളെ ബന്ധിപ്പിക്കുന്ന നിർദ്ദിഷ്ഠ പാറക്കടവ് പാലത്തിന്റെ നിർമ്മാണത്തിന് ക്ഷണിച്ച ടെണ്ടറിൽ ഒരു കരാറുകാരൻ മാത്രമാണ് പങ്കെടുത്തത്. ഇതോടെ മൂന്നാമത്തെ ടെണ്ടറിലും പാലം പണി കുടുങ്ങിനിൽക്കുകയാണ്. നാല് വർഷം മുമ്പ് സംസ്ഥാന സർക്കാർ ബഡ്ജറ്റിലൂടെ വിഭാവനം ചെയ്ത പാലത്തിന്റെ നിർമ്മാണം ഇപ്പോഴത്തെ നിലയിൽ കരാറുകാർക്ക് നഷ്ടമാകുമെന്നതിനാൽ 10ശതമാനം തുക അധികരിച്ച് നൽകണമെന്നാണ് അവരുടെ വാദം. പൊതുമരാമത്ത് വകുപ്പ് നിയമങ്ങളും കീഴ് വഴക്കങ്ങളും കൃതമായി പാലിക്കേണ്ടതിനാലാണ് പലവട്ടം റീടെണ്ടർ നടപടികളിലേക്ക് നീങ്ങിയത്. 112 മീറ്റർ നീളവും നടപ്പാതയും ഉൾപ്പെടെ 11 മീറ്റർ വീതിയുള്ള പാലം നിർമ്മിക്കുന്നതിന് 8.23 കോടി രൂപയാണ് നിലവിലുള്ള എസ്റ്റിമേറ്റ്. ടെൻഡർ എടുക്കാൻ ആളെത്താത്തതിനാൽ ഒരു നാടിന്റെ പ്രതീക്ഷക്ക് വീണ്ടും മങ്ങലേറ്റിരിക്കയാണ്.