
പത്തനംതിട്ട : ജില്ലയിൽ മൂന്നു മന്ത്രിമാരുടെ നേതൃത്വത്തിൽ 15, 16, 18 ദിവസങ്ങളിൽ നടത്തുന്ന സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്തലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്. ഇതുവരെ അക്ഷയ മുഖേന ഓൺലൈനായി 2781 ഉം കളക്ടറേറ്റിൽ നേരിട്ട് ലഭിച്ച 117 ഉം ഉൾപ്പടെ 2898 അപേക്ഷകളാണ് ആകെ ലഭിച്ചത്.
ആദിവാസി ജനവിഭാഗങ്ങളെ സഹായിക്കുന്നതിനായി ഇന്നലെ വിവിധ കേന്ദ്രങ്ങളിൽ ക്യാമ്പ് സംഘടിപ്പിച്ചതിൽ 86 അപേക്ഷകൾ ലഭിച്ചു.
www.cmo.kerala.gov.in എന്ന വെബ് സൈറ്റിൽ പരാതികൾ ഓൺലൈനായും സമർപ്പിക്കാം. പരാതികൾ സ്വന്തം നിലയിൽ ഓൺലൈനായോ അക്ഷയ കേന്ദ്രങ്ങൾ വഴയോ സമർപ്പിക്കാം. വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ, സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവർ അദാലത്തിന് നേതൃത്വം വഹിക്കും.
അദാലത്ത് നടക്കുന്ന കേന്ദ്രങ്ങളിൽ നേരിട്ടു പരാതി നൽകാനും അവസരമുണ്ടാകും. ഇങ്ങനെയുള്ളവ ഓൺലൈനായി രജിസ്റ്റർ ചെയ്യിപ്പിച്ച് ഏഴു ദിവസത്തിനകം തീരുമാനമെടുക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായത്തിന് അപേക്ഷ സമർപ്പിക്കുന്നവരും ചികിത്സാ ധനസഹായ അപേക്ഷകൾ സമർപ്പിക്കുന്നവരും മെഡിക്കൽ സർട്ടിഫിക്കറ്റും, ചികിത്സാ ചിലവുകൾ വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റും, റേഷൻ കാർഡ്, മറ്റ് അനുബന്ധ സർട്ടിഫിക്കറ്റുകളും സമർപ്പിക്കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ടു വർഷത്തിനുള്ളിൽ ധനസഹായം ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല.