അടൂർ: പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ മലമേക്കര - കുന്നത്തുക്കര -ചാല - പുത്തൻചന്ത -ഫാക്ടറി ജംഗ്ഷൻ - ആസാദ് ജംഗ്ഷൻ 7.866 കിലോമീറ്റർ നീളമുള്ള റോഡിന് ശാപമോക്ഷമാകുന്നു. റോഡ് ഉന്നത നിലവാരത്തിൽ നവീകരിക്കാൻ 29.43 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ചിറ്റയം ഗോപകുമാർ എം.എൽ.എ അറിയിച്ചു. 7.866 കിലോമീറ്റർ ദൈർഘ്യം വരുന്ന റോഡിന്റെ വീതി കൂട്ടിയും കലുങ്കുകൾ പുനർ നിർമ്മിക്കുന്നതിന് റീ ബിൽഡ് കേരള ഇൻഷ്യേറ്റീവ് പദ്ധതിയിൽയാണ് തുക അനുവദിച്ചത്. നിർമ്മാണോദ്ഘാടനം 11ന് വൈകിട്ട് 3ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫ്രറൻസിലൂടെ നിർവഹിക്കും. മന്ത്രി ജി.സുധാകരൻ അദ്ധ്യക്ഷത വഹിക്കും. റോഡ് കടന്ന് പോകുന്ന പുത്തൻചന്ത ജംഗ്ഷനിൽ നടക്കുന്ന ചടങ്ങിൽ ചിറ്റയം ഗോപകുമാർ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്യും. ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ് റോഡ് നവീകരിക്കുക. നിലവിൽ മൂന്നര മീറ്റർ മാത്രം വീതിയുള്ള റോഡ് അഞ്ചര മീറ്റർ വീതിയിലാണ് പുനർനിർമ്മിക്കുന്നത്. 23 കലുങ്കുകൾ, 8 ബസ് കാത്തിരിപ്പ് കേന്ദ്രം, ഓട, സൈഡ് ലൈൻ, ട്രാഫിക് സുരക്ഷാ സംവിധാനങ്ങൾ, ദിശാ സൂചക ബോർഡുകൾ, എന്നിവയും സ്ഥാപിക്കും. റോഡിന്റെ പുനർനിർമ്മാണം ഉടൻ ആരംഭിക്കുമെന്നും നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുവാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയതായും ചിറ്റയം ഗോപകുമാർ എം.എൽ.എ പറഞ്ഞു.