
പത്തനംതിട്ട: കൊവിഡ് കാലത്ത് ബുദ്ധിമുട്ടിലായ വ്യവസായ സംരംഭങ്ങൾക്ക് കൈത്താങ്ങേകാൻ വ്യവസായ വകുപ്പിന്റെ വിവിധ പദ്ധതികൾ. ഇതിനായി നാനോ സംരംഭങ്ങൾക്ക് മാർജിൻ മണി ഗ്രാന്റ് ഫണ്ട് വിതരണം നടത്തും. 56 സംരംഭങ്ങൾക്കായി അഞ്ചു ലക്ഷം രൂപയാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത്.
വ്യവസായ ഭദ്രതയ്ക്കുവേണ്ടി പലിശ സബ്‌സിഡി നൽകുന്ന പദ്ധതിയാണിത്. കഴിഞ്ഞ മാർച്ച് 15വരെ ഉൽപാദന മേഖലയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾ ഏപ്രിൽ മുതൽ ഡിസംബർ 31വരെയുള്ള കാലയളവിൽ എടുത്തിട്ടുള്ള വായ്പയുടെ ആറു മാസത്തെ ഒടുക്കിയ പലിശയുടെ 50 ശതമാനമോ പരമാവധി 60,000 രൂപയോ സബ്‌സിഡിയായി നൽകും.
അഞ്ചു ലക്ഷം രൂപവരെ മുതൽ മുടക്കുള്ളതും പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡിന്റെ വെള്ള, പച്ച കാറ്റഗറിയിൽ ഉൾപ്പെട്ടതുമായ ഉൽപാദന, തൊഴിൽ മേഖലയിലുള്ള യൂണിറ്റുകൾ എടുത്തിട്ടുള്ള വായ്പയുടെ ആറു മുതൽ എട്ടു ശതമാനം വരെ പലിശ സബ്‌സിഡി നൽകുന്ന പദ്ധതിയും നടപ്പാക്കും.
ഉൽപാദനം നിലച്ചത് 16 യൂണിറ്റുകളിൽ
ജില്ലയിൽ കൊവിഡ് കാല പ്രതിസന്ധിയിൽപെട്ട് 16 യൂണിറ്റുകളുടെ പ്രവർത്തനം പൂർണമായി നിലച്ചിരിക്കുകയാണ്. ഇവയെ സഹായിക്കാൻ വ്യവസായ വകുപ്പ് പ്രത്യേക പദ്ധതി ആസൂത്രണം ചെയ്തു. ആറുമാസമായി ഉൽപാദനം നിലച്ച മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും കശുഅണ്ടി സംസ്‌കരണ യൂണിറ്റുകൾക്കും പുനരുദ്ധാരണത്തിനായി പരമാവധി 15 ലക്ഷംവരെ ഗ്രാന്റായി നൽകും. ഇതു വായ്പാബന്ധിത പദ്ധതിയാണ്. ചെറുകിട ഇടത്തരം സംരംഭങ്ങൾക്കു പരമാവധി 12 ലക്ഷം രൂപയും കശുഅണ്ടി സംസ്‌കരണ യൂണിറ്റുകൾക്ക് 15 ലക്ഷം രൂപയും ലഭിക്കും. താലൂക്ക് വ്യവസായ ഓഫീസുകൾ മുഖേന ജില്ലാ ഓഫീസിലേക്കാണ് അപേക്ഷ നകേണ്ടത്.
നാനോ സംരംഭങ്ങൾക്ക് മാർജിൻ മണി ഗ്രാന്റ് ഫണ്ട് വിതരണം ചെയ്യുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് 3.45ന് പത്തനംതിട്ട കളക്ടറേറ്റിൽ ജില്ലാ കളക്ടർ നരസിംഹുഗാരി ടി.എൽ. റെഡ്ഡി നിർവഹിക്കുമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ലിസിയാമ്മ ശമുവേൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.