തെള്ളിയൂർ: തെള്ളിയൂർക്കാവ് ഭഗവതിക്ഷേത്രത്തിലെ കുംഭകാർത്തിക ഉത്സവത്തിന് ഇന്ന് വൈകിട്ട് 6നും 6.30നും മദ്ധ്യേ ക്ഷേത്രം തന്ത്രി പറമ്പൂരില്ലത്തു തൃവിക്രമൻ നാരായണൻ ഭട്ടതിരിപ്പാട് കൊടിയേറ്റും. കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കും ഉത്സവ ചടങ്ങുകൾ നടക്കുക. 11 മുതൽ 16വരെ ഭാഗവതാചാര്യൻ പാവുമ്പ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ഭാഗവത പാരായണവും ഉണ്ടാകും. രണ്ടാം ദിനമായ 11ന് വൈകിട്ട് 7ന് ക്ഷേത്രത്തിലെ സ്ഥിരം യജ്ഞവേദിയുടെ നിർമ്മാണ ഉദ്ഘാടനവും, വെബ്‌സൈറ്റ് സമർപ്പണവും മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ നിർവഹിക്കും. ബാലപ്രതിഭകളായ ജില്ലയിലെ കുട്ടികളുടെ പ്രസിഡന്റ് അമൃത്ര വി.പിള്ള, ജില്ലാതല കാവ്യാലാപന ജേതാവ് സാന്ദ്ര എസ്.പിള്ള എന്നിവരെ ചടങ്ങിൽ ആദരിക്കും. 18ന് ഉച്ചക്ക് ഒന്നിന് ഉത്സവബലി ദർശനം, രാത്രി 12ന് പള്ളിവേട്ട, കാർത്തിക ദിനമായ 19ന് രാത്രി 9.30ന് ആറാട്ട് എന്നിവയോടെ ഉത്സവം സമാപിക്കും. പ്രസിഡന്റ് വാമദേവൻ നായർ, സെക്രട്ടറി അശോക് ആർ.കുറുപ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള ഉത്സവസമിതിയാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.