തിരുവല്ല: നിലവാരമുയർത്തി പുനർനിർമ്മിക്കുന്ന തിരുവല്ല - അമ്പലപ്പുഴ സംസ്ഥാനപാതയുടെ ഭാഗമായ പൊടിയാടി - തിരുവല്ല ഭാഗത്തെ റോഡ് പണികളുടെ ഭാഗമായി കലുങ്ക് ഇന്ന് പൊളിച്ചു തുടങ്ങും. പൊടിയാടി മുതൽ തിരുവല്ല വരെയുള്ള ഭാഗത്തെ നിലവിലുള്ള ഏഴ് കലുങ്കുകൾ പൊളിച്ചശേഷം വീതികൂട്ടി നിർമ്മിക്കും. ഉണ്ടപ്ലാവ് ജംഗ്‌ഷന് സമീപത്തെ കലുങ്ക് പൊളിക്കുന്നതിന്റെ ഭാഗമായി ഗതാഗതം തടസങ്ങൾ ഒഴിവാക്കാൻ സമാന്തരപാത സജ്ജമാക്കി. തിരക്കേറിയ പാതയായതിനാൽ പൊടിയാടി മുതൽ തിരുവല്ല വരെയുള്ള ഭാഗങ്ങളിൽ വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചിട്ടുണ്ട്. റോഡിലെ കൊടുംവളവുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി സർവേ ജോലികളും കലുങ്കുകൾ പുനർനിർമ്മിക്കുന്നതിന്റെ മുന്നൊരുക്കങ്ങളുമാണ് നടന്നുവരുന്നത്. തിരുവല്ല -അമ്പലപ്പുഴ റോഡിന് രണ്ടാംഘട്ടമായി കിഫ്ബിയിൽ നിന്നും അനുവദിച്ച 52 കോടി രൂപ ചെലവഴിച്ചാണ് റോഡ് വീതികൂട്ടി നവീകരിക്കുന്നത്. പൊടിയാടി മുതൽ തിരുവല്ല വരെയുള്ള 4.9 കിലോമീറ്റർ ദൂരത്തിൽ 9 കൊടുംവളവുകളും 10 ചെറിയ വളവുകളുമുണ്ട്. ഇവ ഒഴിവാക്കുന്നതിന്റെ ഭാഗമായ സർവേ നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. അമ്പലപ്പുഴ മുതൽ പൊടിയാടി വരെയുള്ള ഭാഗം ഉന്നത നിലവാരത്തിൽ പുനർനിർമ്മിച്ചിരുന്നു. പൊടിയാടി വരെയുള്ള ഭാഗത്ത് നടപ്പാതയിൽ തറയോട് പാകുന്നതിന്റെ പണികൾ പുരോഗമിക്കുകയാണ്.

പുനർനിർമ്മാണം 13.6 മീറ്ററിൽ

പൊടിയാടി മുതൽ തിരുവല്ല വരെ 13.6 മീറ്റർ വീതിയിലാണ് റോഡ് പുനർനിർമ്മിക്കുന്നത്. 10 മീറ്റർ വീതിയിൽ ടാറിംഗ് നടത്തും. റോഡിന്റെ ഇരുവശങ്ങളിലും നടപ്പാതയും നിർമ്മിക്കും. ഒരുവശത്ത് ഓടയും മറുവശത്ത് കേബിളുകളും മറ്റും കടത്തിവിടാനുള്ള ഡക്റ്റും നിർമ്മിക്കുന്നുണ്ട്. ഏഴ് മുതൽ ഏഴരമീറ്റർ വരെയാണ് റോഡിന് പലയിടത്തും വീതിയുള്ളൂ. പൊടിയാടി മുതൽ കാവുംഭാഗം ദേവസ്വംബോർഡ് സ്‌കൂൾ വരെയുള്ള ഭാഗങ്ങളിൽ റോഡിന് വീതികൂട്ടാൻ ആവശ്യമായ സ്ഥലമുണ്ട്. മറ്റിടങ്ങളിൽ സ്ഥലം അളന്ന് തിട്ടപ്പെടുത്തിയെടുക്കാൻ റവന്യു അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് അസി.എൻജിനിയർ അറിയിച്ചു.

-----------------------

-വളവുകൾ നികത്താനുള്ള സർവേ നടപടികൾ ആരംഭിച്ചു

-കിഫ്ബിയിൽ നിന്ന് 52 കോടി

- 7 കലുങ്കുകൾ പൊളിക്കും