a
തകർന്ന നിലയിൽ

ഇളമണ്ണൂർ: പഞ്ചായത്ത് ജംഗ്ഷൻ - കുന്നിട-ചെളിക്കുഴി റോഡിന് ഇതുവരെയും ശാപമോക്ഷമായില്ല. റോഡിന്റെ ഭൂരിഭാഗവും വലിയ തോതിൽ ഇളകി വലിയ ഉരുളൻ കല്ലുകൾ റോഡിൽ നിരന്നു കിടക്കുന്നത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. നാലു കിലോമീറ്റർ ദൈർഘ്യമുള്ള ഈ പ്രധാന പാത നവീകരിച്ച് ബസ് സർവീസ് തുടങ്ങുമെന്ന് മാറിവന്ന സർക്കാരുകൾ പറഞ്ഞതല്ലാതെ നാളിതുവരെ നടപടി ഉണ്ടായിട്ടില്ല. ദുരിതമനുഭവിക്കാനാണ് യാത്രക്കാരുടെ വിധി. പഞ്ചായത്ത് ജംഗ്ഷൻ മുതൽ കുന്നിട വരെ കാൽനടയാത്ര പോലും അസാദ്ധ്യമാണ്. പഞ്ചായത്തിൽ തന്നെ ജനസംഖ്യയിൽ മുന്നിലുള്ള കുന്നിട പ്രദേശത്തുള്ളവർ കാൽനടയായാണ് ഇളമണ്ണൂരിലേക്ക് എത്തുന്നത്. പഞ്ചായത്ത് അസ്ഥാനമായ ഇളമണ്ണൂരിലാണ് പ്രാഥമികാരോഗ്യ കേന്ദ്രം, സൂപ്പർ മാർക്കറ്റുകൾ, മാർക്കറ്റ്, റേഷൻ കടകൾ, വിവിധ ബാങ്കുകൾ, മാവേലി സ്റ്റോറുകൾ, വില്ലേജ് ഓഫീസ്, കൃഷിഭവൻ, സബ് രജിസ്ട്രാർ ഓഫീസ്, സർവീസ് സഹകരണ ബാങ്കുകൾ, സ്കൂളുകൾ എന്നിവ സ്ഥിതി ചെയ്യുന്നത്. ദിനംപ്രതി നിരവധി ആളുകളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്.

ബസ് സർവീസ് വേണമെന്ന ആവശ്യം ശക്തം

അടൂർ പത്തനാപുരം ഡിപ്പോകളിൽ നിന്ന് ഇതുവഴി കൊട്ടാരക്കരയിലേക്ക് ബസ് സർവീസ് ആരംഭിച്ചാൽ ലാഭകരവും ജനങ്ങൾക്ക് ഏറെ ഉപകാരപ്രദവുമാണ്. വഴി വിളക്കുകൾ ഇല്ലാത്തതിനാൽ റോഡിന്റെ ഇരുവശത്തും വലിയ തോതിൽ പടർന്ന് പന്തലിച്ച് കിടക്കുന്ന കാടുകളിലൊളിച്ചിരിക്കുന്ന ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. കിൻഫ്രാ പാർക്ക്, കയർ ഫാക്ടറി , സ്വകാര്യ മെഡിക്കൽ കോളജ് എന്നീ സ്ഥലങ്ങളിലേക്ക് എത്തുവാനും ഈ പാതയെയാണ് ആശ്രയിക്കുന്നത്. സമീപത്തെ പാറമടകളിൽ നിന്ന് ഇടതടവില്ലാതെ സഞ്ചരിക്കുന്ന കൂറ്റൻ ടിപ്പറുകളാണ് പാതയുടെ അന്തകർ. ഗ്രാമ പ്രദേശങ്ങളിൽ

ഇത്തരം വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടെങ്കിലും പൊലീസും മോട്ടോർ വാഹന വകുപ്പും ഇതു കണ്ടമട്ടില്ല.

-ജില്ലയിലെ ഏനാദിമംഗലം പഞ്ചായത്തിനെയും കൊല്ലം ജില്ലയിലെ പട്ടാഴി - വടക്കേകര പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡ്

-4 കിലോമീറ്റർ ദൈർഘ്യം