tt

റാന്നി: റോഡ് പുനരുദ്ധാരണത്തോടെ മുടങ്ങിക്കിടന്ന റാന്നി ടൗണിലെ കുടിവെള്ള വിതരണം ശനിയാഴ്ച വൈകുന്നേരത്തോടെ പുന:സ്ഥാപിക്കുമെന്ന് രാജു എബ്രഹാം എം.എൽ.എ അറിയിച്ചു. കുടിവെള്ള വിതരണം തടസപ്പെട്ടതുമായി ബന്ധപ്പെട്ട് എംഎൽഎ വിളിച്ചു ചേർത്ത യോഗത്തിൽ കെ.എസ്.ടി..പി, വാട്ടർ അതോറിറ്റി, ഇ.കെ.കെ കമ്പനി എന്നിവരുടെ പ്രതിനിധികൾ പങ്കെടുത്തു.
ഉതിമൂട് മുതൽ മന്ദമരുതി വരെ റോഡരികിൽ പുതിയ പൈപ്പുകൾ സ്ഥാപിക്കുന്നതിനുള്ള ചുമതല ഇകെകെ കമ്പനിക്കാണ്. മന്ദമരുതി മുതൽ പ്ലാച്ചേരി വരെയുള്ള ഭാഗത്ത് പുതുതായി റോഡിന് ഇരുവശത്തും പൈപ്പുകൾ സ്ഥാപിക്കാനും തീരുമാനമായി. പൈപ്പുകളുടെ പുനരുദ്ധാരണം നടത്തുവാൻ 16 അംഗ ടീമിനെ ഇകെകെ നിയോഗിക്കും.
റോഡ് നിർമ്മാണത്തോട് അനുബന്ധിച്ച് ഏഴ് കലുങ്കുകൾ നിർമ്മിക്കുമ്പോഴാണ് പൈപ്പുകൾ പൊട്ടി ജലവിതരണം മുടങ്ങിയത് .ഇതിൽ അഞ്ചിടങ്ങളിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കി. ഇതോടെ റാന്നി പഞ്ചായത്തിൽ മുടങ്ങിയ ജല വിതരണം പൂർണമായും പുന:സ്ഥാപിച്ചു. അവശേഷിക്കുന്ന രണ്ടെണ്ണത്തിന്റ അറ്റകുറ്റപ്പണികൾ ശനിയാഴ്ചയോടെ തീർക്കാനാകും. നേരത്തെ സ്ഥാപിച്ചിരുന്ന 200 എംഎം വ്യാസമുള്ള പിവിസി പൈപ്പുകൾ ഇപ്പോൾ നിർമ്മിക്കുന്നില്ല.