പത്തനംതിട്ട: തിരുവല്ല നിയമസഭ സീറ്റ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് അവകാശപ്പെട്ടതാണെന്ന് പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ്. തിരുവല്ല, റാന്നി മണ്ഡലങ്ങൾ വച്ചുമാറേണ്ട സാഹചര്യം ഇപ്പോഴില്ല. കഴിഞ്ഞ നഗരസഭ തിരഞ്ഞെടുപ്പിലും കേരള കോൺഗ്രസ് തിരുവല്ലയിൽ കരുത്ത് തെളിയിച്ചതാണ്. മുൻ നഗരസഭ ചെയർമാൻ ജോസ് കെ.മാണി വിഭാഗം ജനറൽ സെക്രട്ടറി ചെറിയാൻ പോളച്ചിറയ്ക്കൽ ജോസഫ് വിഭാഗം സ്ഥാനാർഥിയോടു പരാജയപ്പെട്ടതുതന്നെ ഉദാഹരണമാണ്. ജയസാദ്ധ്യതയായിരിക്കും എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർത്ഥി നിർണയത്തിൽ പ്രധാന ഘടകമായി പരിഗണിക്കുകയെന്നും ജോസഫ് പറഞ്ഞു. യു.ഡി.എഫ് തിരഞ്ഞെടുപ്പിൽ വൻ വിജയം നേടും. പിൻവാതിൽ നിയമനം, വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങൾ, ഉന്നത വിദ്യാഭ്യാസ മേഖലയിലെ വർദ്ധിപ്പിച്ച ഫീസ് തുടങ്ങിയ വിഷയങ്ങളെല്ലാം യു.ഡി.എഫിന് അനുകൂലമായ ഘടകമായി മാറും. റാന്നി ഗ്രാമപഞ്ചായത്തിൽ ബി.ജെ.പിയുമായി ചേർന്ന് കേരള കോൺഗ്രസ് എം ജോസ് വിഭാഗത്തിന്റെ ജോസ് വിഭാഗം അംഗം പ്രസിഡന്റായി തുടരുന്നത് ധർമികമായി ശരിയല്ലെന്ന് ജോസഫ് ചൂണ്ടിക്കാട്ടി. ബി.ജെ.പിയുമായി സഖ്യത്തിലേർപ്പെട്ടിട്ടുള്ള രാഷ്ട്രീയകക്ഷിക്കും മുന്നണിക്കും ഇതു പ്രതികൂലമായി ഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.