panni

ഇലന്തൂർ: പള്ളിയുടെ ഗേറ്റിൽ കുടുങ്ങിയ കാട്ടുപന്നിയെ നാട്ടുകാർ രക്ഷപ്പെടുത്തി. ഇലന്തൂർ പുളിന്തിട്ട കത്തോലിക്ക പളളിയുടെ ഗേറ്റിന്റെ വിടവിലാണ് ഇന്നലെ രാവിലെ ഏഴ് മണിയോടെ കാട്ടുപന്നി കുടുങ്ങിയത്. പുറത്തെ പറമ്പിൽ നിന്ന് ചാടാൻ ശ്രമിച്ച പന്നി പള്ളിയുടെ ഗേറ്റിൽ കുടുങ്ങുകയായിരുന്നു. കമ്പികൾക്കിടയിലൂടെ തല അകത്തായി. പിടഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കഴുത്തിന് നിസാര മുറിവേറ്റിട്ടുണ്ട്. വനപാലകർ എത്തും മുമ്പ് നാട്ടുകാർ പന്നിയെ ഗേറ്റിന്റെ വിടവിൽ നിന്ന് പുറത്തേക്ക് തളളിയിട്ടു.. രക്ഷപ്പെട്ട പന്നി ഒാടിപ്പോയി.

ഇലന്തൂരിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. പ്രവാസികൾ ഏറെയുള്ള പതിമൂന്നാം വാർഡിൽ പലരും വിദേശത്തായതിനാൽ വീടുകൾ പൂട്ടിക്കിടക്കുകയാണ്. കാടുകയറിയ വീട്ടുപറമ്പുകൾ പന്നികളുടെ വിഹാര കേന്ദ്രമായി മാറി. സമീപത്തെ കനാലുകളും കാടുപിടിച്ച് കിടക്കുകയാണ്. വീട്ടുപറമ്പുകൾ വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ഉടമകൾക്ക് പഞ്ചായത്തിൽ നിന്ന് നോട്ടീസ് അയച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല. കനാലുകളുടെ ശുചീകരണവും കാര്യമായി നടക്കുന്നില്ല.

--------------

'' പന്നിശല്യം ഒഴിവാക്കാൻ തരിശ് കിടക്കുന്ന ഭൂമി കുടുംബശ്രീ പ്രവർത്തകരെ ഉപയോഗിച്ച് കൃഷിയോഗ്യമാക്കണം. മുൻ പഞ്ചായത്ത് ഭരണ സമിതി ഇക്കാര്യത്തിൽ നടപടിയെടുത്തിരുന്നു.

സാംസൺ തെക്കേതിൽ, ഇലന്തൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ്.