തിരുവല്ല: രോഗിയും ഉറ്റവരില്ലാത്തതുമായ യുവാവിനെ ഗിൽഗാൽ ആശ്വാസഭവൻ ഏറ്റെടുത്തു. പെരിങ്ങര സ്വദേശിയായ മോഹന(35)നെയാണ് ഇരവിപേരൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗിൽഗാൽ ആശ്വാസഭവൻ ഏറ്റെടുത്തത്. രണ്ട് ദിവസമായി പെരിങ്ങര ജംഗ്ഷന് സമീപത്തെ മുറിയിൽ അവശനിലയിൽ കഴിഞ്ഞിരുന്ന മോഹനനെ പൊതുപ്രവർത്തകനായ ബിജു ഗണപതിപറമ്പിലിന്റെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ മോഹനന്റെ വൃക്കകൾക്ക് തകരാറുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇതേതുടർന്ന് സാമൂഹ്യപ്രവർത്തകനായ പാസ്റ്റർ ഷാജി നെടുമ്പ്രം, മോഹനനെ ഗിൽഗാൽ ആശ്വാസഭവനിൽ പ്രവേശിപ്പിക്കാനുള്ള നടപടി സ്വീകരിച്ചു. ഇന്നലെ രാവിലെ വാർഡ് മെമ്പർ അശ്വതി രാമചന്ദ്രൻ, പുളിക്കീഴ് ജനമൈത്രി സിവിൽ പൊലീസ് ഓഫീസർ മനോജ് കുമാർ, സാമൂഹ്യപ്രവർത്തകരായ റെഞ്ചി ഐരുക്കുഴി, ശ്യാംനായർ, അനീഷ് ചന്ദ്രൻ എന്നിവർ ചേർന്ന് മോഹനനെ ആശ്വാസ ഭവനിൽ എത്തിക്കുകയായിരുന്നു. മോഹനന്റെ ചികിത്സയടക്കമുള്ള കാര്യങ്ങൾ ഏറ്റെടുത്തതായി ഗിൽഗാൽ ഡയറക്ടർ പാസ്റ്റർ പ്രിൻസ് പറഞ്ഞു.