railway
തിരുവല്ല നഗരസഭാധ്യക്ഷ ബിന്ദു ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം റെയിൽവേ ഡിവിഷണൽ മാനേജരുമായി ചർച്ച നടത്തുന്നു

തിരുവല്ല: ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷന്റെ വികസന കാര്യങ്ങൾ ചർച്ച ചെയ്യാൻ നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്ത് റെയിൽവേ ഡിവിഷണൽ മാനേജർ ആർ.മുകുന്ദരാമ സ്വാമിയെ സന്ദർശിച്ചു. റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡിന്റെ വികസനത്തിനായി എം.പി അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിക്കുന്നത് ചർച്ച ചെയ്തു. നിലവിലെ റോഡ് രണ്ടുവരി പാതയായി വികസിപ്പിക്കണമെന്ന് സംഘം ആവശ്യപ്പെട്ടു. ഇക്കാര്യം അംഗീകരിച്ച റെയിൽവേ അധികൃതർ ആവശ്യമായ ബാക്കിതുക കണ്ടെത്തണമെന്നും അറിയിച്ചു. രാജ്യസഭ മുൻ ഉപാദ്ധ്യക്ഷൻ പി.ജെ കുര്യൻ, ആന്റോ ആന്റണി എം.പി എന്നിവർ ചേർന്ന് ഫണ്ട് അനുവദിച്ച എസ്കലേറ്റർ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കി ഉടൻ തുറന്ന് കൊടുക്കണമെന്നും ആവശ്യപ്പെട്ടു. ശബരിമല സ്ഥിതിചെയ്യുന്ന ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷന്റെ അടിസ്ഥാനപരമായ മറ്റു പോരാഴ്മകളും സംഘം റെയിൽവേ അധികൃതരെ ബോദ്ധ്യപ്പെടുത്തി. വൈകാതെ തിരുവല്ല റെയിൽവേ സ്റ്റേഷനിലെത്തി സ്ഥിതിഗതികൾ മനസിലാക്കി പരിഹാര നടപടികൾ സ്വീകരിക്കാമെന്ന് ഡിവിഷണൽ മാനേജർ സംഘത്തിന് ഉറപ്പുനൽകി. ചർച്ചയിൽ റെയിൽവേ അഡീഷണൽ ഡെപ്യൂട്ടി മാനേജർ പി.ടി ബെന്നി, കൊമേഴ്‌സ്യൽ മാനേജർ ഡോ.രാജേഷ്, വാർഡ് കൗൺസിലർ മാത്യുസ് ചാലക്കുഴി, നഗരസഭാ സെക്രട്ടറി ഷാഫി, നഗരസഭ അസി.എക്സി.എൻജിനിയർ ബിന്ദു വേലായുധൻ എന്നിവർ പങ്കെടുത്തു.