
ചെറുകോൽപ്പുഴ : നവോത്ഥാനം എന്ന വാക്കിന്റെ ഉദ്ഭവം 13ാം നൂറ്റാണ്ടിൽ യൂറോപ്പിൽ നിന്നായിരുന്നെന്നും മൂല്യച്യുതികളെ ചോദ്യം ചെയ്തിടത്ത് നിന്നായിരുന്നു ഇതിന്റെ തുടക്കമെന്നും കോഴിക്കോട് താന്ത്രിക് റിസേർച്ച് അക്കാഡമി ചെയർമാൻ ആർ.രാമാനന്ദ് പറഞ്ഞു. അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിൽ കേരള നവോത്ഥാനവും ആദ്ധ്യാത്മിക നേതൃത്വവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയ കാലത്ത് കേരളത്തിൽ ഏറ്റവും ഉയർന്നുകേട്ടിരുന്ന വാക്കായിരുന്നു നവോത്ഥാനം. സർക്കാർ സ്‌പോൺസേർഡ് പരിപാടിയായി നടത്തേണ്ട കാര്യമല്ല നവോത്ഥാനം. യൂറോപ്പിൽ നവോത്ഥാനത്തിന് തുടക്കം മത നേതൃത്വത്തിന്റെ നിലപാടിനെതിരെ ആയിരുന്നെങ്കിൽ ഭാരതത്തിൽ നവോത്ഥാനത്തിന് തുടക്കം കുറിച്ചത് ആദ്ധ്യത്മിക നേതൃത്വമാണെന്ന് അദ്ദേഹം പറഞ്ഞു.
ധർമ്മ ബോധം വീണ്ടെടുക്കുന്ന ഭാരതീയൻ എന്ന വിഷയത്തിൽ തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയന്റിഫിക് ഹെറിറ്റേജ് ഡയറക്ടർ ഡോ.എൻ.ഗോപാലകൃഷ്ണൻ പ്രഭാഷണം നടത്തി. ധർമ്മ ബോധം വീണ്ടെടുത്ത ഹൈന്ദവ ജനത മുമ്പോട്ട് പോകുന്നു എന്നത് ആശാവഹമാണന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുമത മഹാമണ്ഡലം സാംസ്‌കാരിക ഡയറക്ടർ എം.ആർ.ജഗൻമോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. എം.റ്റി.ഭാസ്‌കരപണിക്കർ, അഡ്വ.കെ.ജയവർമ്മ എന്നിവർ പ്രസംഗിച്ചു. പി.പരമേശ്വരന് പരിഷത്ത് ശ്രദ്ധാഞ്ജലി അർപ്പിച്ചു.
ഹിന്ദുമത പരിഷത്തിൽ ഇന്ന്
രാവിലെ 7 മുതൽ 8 വരെ വിഷ്ണു സഹസ്രനാമജപം
8 മുതൽ 10 വരെ ഭാഗവത പാരായണം
3.30 മുതൽ 6.30 വരെ അദ്ധ്യാത്മ ബോധന സഭ. അദ്ധ്യക്ഷൻ : വി.കെ. രാജഗോപാൽ ( പ്രസിഡന്റ്, കേരള ഹിന്ദു പാഠശാല), പ്രഭാഷണം: സ്വാമി സച്ചിദാനന്ദ ( ഗായത്രി ആശ്രമം, ചാലക്കുടി), വിഷ്ണു ബാലചന്ദ്രൻ ( അമ്യത വിദ്യാപീഠം, അമ്യത പുരി ),
6.30 ന് ആരതി , 7 മുതൽ 8 വരെ ഭജന