തിരുവല്ല: പൊയ്കയിൽ ശ്രീകുമാരഗുരുദേവന്റെ 143-ാം ജന്മദിനം ആദിയർ ജനതയുടെ ദേശീയോത്സവമായി 13 മുതൽ 19 വരെ പ്രത്യക്ഷ രക്ഷാദൈവസഭ (പി.ആർ.ഡി.എസ്.) ആഘോഷിക്കും. ഇതിന്റെ ഭാഗമായി പ്രത്യേക പ്രാർത്ഥന, അടിമ സ്മാരക സ്തംഭത്തിൽ പുഷ്പാർച്ചന, കൊടിയേറ്റ്, ജന്മദിന സമ്മേളനം, ദീപകാഴ്ച, ജന്മംതൊഴൽ എന്നിവ നടത്തും. കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് സോണുകളായി തിരിച്ചാണ് ശ്രീകുമാരഗുരുദേവ ദർശനം അനുവദിക്കുക. 13ന് എട്ടുകര, 14ന് ഇടുക്കി കല്ലാർ, 15ന് തിരുവനന്തപുരം, 16ന് മലബാർ കനകപ്പലം, 17ന് മുതലപ്ര, 18ന് കോട്ടയം എന്നിങ്ങനെയാണ് സോണുകൾക്ക് അനുവാദം. ശ്രീകുമാരഗുരുദേവ ജന്മദിനമായ 17ന് വിശുദ്ധ മണ്ഡപത്തിൽ ജന്മംതൊഴൽ നടക്കുന്ന രാവിലെ 5ന് സ്വന്തം ഭവനങ്ങളിൽ ദീപം തെളിയിച്ച് പ്രാർത്ഥനയിൽ പങ്കുചേരും. മുൻ വർഷങ്ങളിലേതുപോലെ ഭക്തി ഘോഷയാത്ര ഇത്തവണ ഉണ്ടായിരിക്കില്ലെന്നും സഭാ ജനറൽ സെക്രട്ടറി അറിയിച്ചു.