 
കൊടുമൺ: കൊടുമൺ റൈസിന്റെ എട്ടാം സംസ്‌കരണ വിപണന ഉദ്ഘാടനം ഇക്കോ ഷോപ്പ് അങ്കണത്തിൽ ചിറ്റയം ഗോപകുമാർ എം.എൽ.എ നിർവഹിച്ചു. കൊടുമൺ ഫാർമേഴ്‌സ് സൊസൈറ്റിയടേയും കൊടുമൺ കൃഷിഭവന്റയും നേതൃത്വത്തിലാണ് കൊടുമൺ റൈസ് തയ്യാറാക്കുന്നത്. കൊടുമണ്ണിലെ പാടങ്ങളിൽ കൃഷി ചെയ്‌തെടുക്കുന്ന നെല്ല് ഫാർമേഴ്‌സ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് അരിയാക്കുന്നത്.
കൊടുമണ്ണിലെ പാടങ്ങളിൽ കൃഷി ചെയ്‌തെടുക്കുന്ന നെല്ല് ഫാർമേഴ്‌സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഭരിച്ച് ഓയിൽപാം ഇന്ത്യയുടെ കോട്ടയത്തുള്ള മില്ലിൽ പുഴുങ്ങി കുത്തി അരിയാക്കി അഞ്ച്, 10 കിലോ സഞ്ചികളിലാക്കി വിൽക്കുകയാണ്. കൊടുമൺ ഇക്കോ ഷോപ്പിലാണ് പ്രധാനമായും വിപണനം നടത്തുന്നത്. ഉമ, ജ്യോതി എന്നീ നെല്ലിനങ്ങളുടെ അരിയാണ് ഇപ്പോൾ വിൽക്കുന്നത്.
ചടങ്ങിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശ്രീധരൻ അദ്ധ്യക്ഷതവഹിച്ചു. നെൽകർഷകർക്കുള്ള റോയൽറ്റിയും താങ്ങു വിലയും മറ്റ് അനുബന്ധ പദ്ധതികളും എന്ന വിഷയത്തിൽ പറക്കോട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ റോഷൻ ജോർജിന്റെ നേതൃത്വത്തിൽ ക്ലാസ്സ് നടന്നു. സംസ്ഥാന കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന മൂല്യ വർദ്ധിത പദ്ധതിയായ വൈഗയുടെ ഉദ്ഘാടനം സെന്റ് പീറ്റേഴ്‌സ് സ്‌കൂളിൽ നടന്നു. സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ കൃഷി ഓഫീസർക്കുള്ള പുരസ്‌കാരം നേടിയ എസ്.ആദിലയെ ചിറ്റയം ഗോപകുമാർ എം.എൽ.എ ഫലകം നൽകി ആദരിച്ചു.