fisheries
പന്നിവേലിച്ചിറയിലെ ഫിഷറീസ് കോംപ്ളക്സ്

പത്തനംതിട്ട: മല്ലപ്പുഴശേരി പഞ്ചായത്തിലെ പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്‌സ് ഉദ്ഘാടനത്തിനൊരുങ്ങി. അക്വാട്ടിക് അനിമൽ ഹെൽത്ത് ലാബ്, ഗിഫ്റ്റ് ഹാച്ചറി, എക്സ്റ്റൻഷൻ കം ട്രെയിനിംഗ് സെന്റർ, അവയർനെസ് സെന്റർ എന്നിവയാണ് പന്നിവേലിച്ചിറയിൽ പുതിയതായി നിർമിച്ചിട്ടുള്ളത്. കാർപ്പ് ഹാച്ചറിയുടെ വിപുലീകരണം, എട്ട് മൺകുളങ്ങളുടെ നവീകരണം, ചുറ്റുവേലി സ്ഥാപിക്കൽ തുടങ്ങിയ നിർമാണങ്ങൾ പൂർത്തിയായി. സംസ്ഥാനത്തെ ആദ്യ അക്വാട്ടിക് അനിമൽ ഹെൽത്ത് ലാബാണിത്.

കട്‌ല, രോഹു, മൃഗാൾ, കോമൺ കാർപ്പ്, ഗ്രാസ് കാർപ്പ് എന്നിവയുടെ കുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിച്ച് കർഷകർക്കു വിതരണം ചെയ്തുവരുന്നു. ചിത്രലാട കുഞ്ഞുങ്ങളെയും മത്സ്യകർഷകർക്കു വിതരണം ചെയ്യുന്നു.

അക്വാട്ടിക് അനിമൽ ഹെൽത്ത് ലാബ്

ശുദ്ധജല മത്സ്യകൃഷിയുമായി ബന്ധപ്പെട്ട് മത്സ്യകർഷകർക്കു പ്രയോജനപ്രദമായ സംരംഭമാണ് അക്വാട്ടിക് അനിമൽ ഹെൽത്ത് ലാബ്. 65 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. ജലം, മണ്ണ് എന്നിവ പരിശോധിക്കൽ, മൈക്രോ ബയോളജി, ഹിസ്റ്റോപതോളജി, മോളിക്യുലാർ ഡയഗ്‌നോസിസ് എന്നിവയും ഇവിടെ നടന്നുവരുന്നു. സമയത്തുള്ള രോഗനിർണയത്തിലൂടെ കർഷകർക്ക് ഉണ്ടായേക്കാവുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കാൻ കഴിയും.

ഗിഫ്റ്റ് ഹാച്ചറി

നൂതന സാങ്കേതിക വിദ്യകളായ ബയോഫ്‌ളോക്ക്, ആർ.എ.എസ് കൃഷി രീതികൾക്ക് ഏറ്റവും അനുയോജ്യമായ മത്സ്യ ഇനമാണ് ഗിഫ്റ്റ് തിലോപ്പിയ. പദ്ധതിയുടെ ഭാഗമായി 32 ലക്ഷം ഗിഫ്റ്റ് മത്സ്യക്കുഞ്ഞുങ്ങളയാണു സംസ്ഥാനത്ത് ആവശ്യമുള്ളത്. നടപ്പു സാമ്പത്തിക വർഷത്തെ ഗിഫ്റ്റ് മത്സ്യക്കുഞ്ഞുങ്ങളുടെ ആവശ്യകത 1.75 കോടിയാണ്. ഫിഷറീസ് വകുപ്പ് ഗിഫ്റ്റ് മത്സ്യത്തിന്റെ വൻതോതിലുള്ള വിത്തുല്പ്പാദനം ലക്ഷ്യമിട്ടു പ്രതിവർഷം 50 ലക്ഷം ഉല്പാദനക്ഷമതയിൽ ഗിഫ്റ്റ് ഹാച്ചറികൾ വിവിധ ജില്ലകളിൽ നിർമിക്കും. സംസ്ഥാനത്തെ രണ്ടാമത്തെ ഹാച്ചറി പന്നിവേലിച്ചിറയിൽ ഒരുക്കിയത്. ആദ്യത്തെ ഗിഫ്റ്റ് ഹാച്ചറി നെയ്യാർഡാമിലാണ്. നബാർഡിന്റെ സഹായത്തോടെ അഞ്ചു കോടി രൂപ ചെലവിട്ട് ആധുനിക സാങ്കേതിക മേന്മയുള്ള ഹാച്ചറിയാണു പന്നിവേലിച്ചിറയിൽ ഒരുക്കിയിട്ടുള്ളത്.

ചൈനീസ് സർക്കുലർ മാതൃകയിൽ ഹാച്ചറി

ചൈനീസ് സർക്കുലർ മാതൃകയിൽ പ്രവർത്തിക്കുന്ന ഹാച്ചറിയാണു പന്നിവേലിൽ ഹാച്ചറിയിലെ മത്സ്യവിത്തുത്പാദനത്തിന്റെ പ്രധാന ഭാഗം. ഫാമിന്റെ ആകെ വിസ്തീർണം 8.67 ഹെക്ടർ ആണ്. ഇതിൽ 7.24 ഹെക്ടർ കുളങ്ങളും 1.43 ഹെക്ടർ കരപ്രദേശവുമാണ്. കട്‌ല, രോഹു, മൃഗാൽ തുടങ്ങിയ ഇന്ത്യൻ മേജർ കാർപ്പ് മത്സ്യങ്ങളുടേയും സൈപ്രിനസ് തുടങ്ങിയ എക്‌സോട്ടിക്ക് വിഭാഗത്തിൽപ്പെട്ടവയുടേയും പ്രജനനം ഈ ഫാമിൽ നടത്തിവരുന്നു. കാർപ്പ് റിയറിംഗിനായി 45.9 സെന്റ് സിമന്റ് കുളങ്ങളും 100 സെന്റ് മൺകുളങ്ങളും ഉപയോഗിക്കുന്നു. 115 സെന്റ് മൺകുളങ്ങളിൽ പൊരുന്നു മത്സ്യങ്ങളെ വളർത്തുന്നു.

കർഷകർക്ക് പരിശീലനം

മത്സ്യകർഷകർക്കു പരിശീലനം നൽകുന്നതിനായി ആധുനിക സജ്ജീകരണങ്ങളുള്ള പരിശീലന കേന്ദ്രത്തിനായി പന്നിവേലിച്ചിറയിൽ സർക്കാർ 84 ലക്ഷം രൂപ ചെലവിൽ എക്സ്റ്റൻഷൻ കം ട്രെയിനിംഗ് സെന്റർ നിർമ്മിച്ചു. 40 കർഷകർക്ക് ഒരേസമയം ഏകദിന പരിശീലനം നൽകാൻ കഴിയും. പരിശീലനം ഓൺലൈനായി നൽകാനുള്ള സംവിധാനവുമുണ്ട്. അവയർനെസ് സെന്റർ, സെയിൽസ് കൗണ്ടർ എന്നിവ 32.5 ലക്ഷം രൂപ ചെലവിലാണു നിർമ്മിച്ചത്.

''പന്നിവേലിച്ചിറ ഹാച്ചറി ഉദ്ഘാടനം ഉടനെ നടത്തും. മത്സ്യകൃഷി സംസ്ഥാന അടിസ്ഥാനത്തിൽ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ ഇവിടെയുണ്ടാകും.

വീണാജോർജ് എം.എൽ.എ