 
തിരുവല്ല: നഗരസഭയുടെ പൊതുശ്മശാനമായ ശാന്തികവാടത്തിൽ തിരുവല്ലക്ക് പുറമെ നിന്നുള്ള മൃതദേഹങ്ങൾ എത്തിച്ച് സംസ്ക്കരിക്കുന്നതിനെതിരെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ച കവിയൂർ സ്വദേശിയുടെ മൃതദേഹം ശാന്തികവാടത്തിൽ എത്തിച്ച് സംസ്ക്കരിക്കുന്നതിനെതിരെയാണ് നഗരസഭാ കൗൺസിലർ ബിന്ദു റെജിയുടെ നേതൃത്വത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രദേശവാസികൾ എതിർത്തത്.
പ്ലാന്റിൽ നിന്നുള്ള പുക പുറത്തേക്ക് പടരുന്നതായി പ്രദേശവാസികൾ
മൃതദേഹം സംസ്കരിക്കുന്ന പ്ലാന്റിൽ നിന്നുള്ള പുകക്കുഴലിന്റെ തകരാർകാരണം മൃതദേഹം സംസ്ക്കരിക്കുമ്പോൾ പുറത്തേക്ക് പടരുന്ന പുക കടുത്ത അസ്വസ്ഥതയ്ക്കും ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയാക്കുന്നതായി പ്രദേശവാസികൾ പറയുന്നു. ഇന്നലെ രാവിലെയാണ് സംഭവങ്ങളുടെ തുടക്കം. പുകക്കുഴലിന്റെ ചോർച്ചയെ തുടർന്ന് അറ്റകുറ്റപ്പണികൾക്കായി 15 ദിവസങ്ങൾക്ക് മുമ്പ് താൽക്കാലികമായി അടച്ച ശ്മശാനം ഒരാഴ്ച മുമ്പാണ് തുറന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം പുറംദേശങ്ങളിൽ നിന്നും എത്തിച്ച നാല് മൃതദേഹങ്ങൾ ഇവിടെ സംസ്കരിച്ചിരുന്നു. ഇന്നലെ രാവിലെ മറ്റൊരു മൃതദേഹം കൂടി എത്തിക്കുന്ന വിവരമറിഞ്ഞാണ് പ്രദേശവാസികൾ ശാന്തി കവാടത്തിന് മുമ്പിൽ പ്രതിഷേധവുമായി തടിച്ചുകൂടിയത്. സംഭവമറിഞ്ഞ് നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാറും പൊലീസും സ്ഥലത്തെത്തി.
പുറത്തുനിന്നുള്ള മൃതദേഹങ്ങൾക്ക് നിയന്ത്രണം
പുകക്കുഴലിലെ പ്രശ്നം പരിഹരിക്കാതെ മൃതദേഹം സംസ്ക്കരിക്കാൻ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. തുടർന്ന് നഗരസഭാദ്ധ്യക്ഷയും എസ്.ഐ അനീസും പ്രദേശവാസികളായ മായ ഉണ്ണികൃഷ്ണൻ, ലിസി ഫിലിപ്പോസ്, ശാന്ത തമ്പി, സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഷിബു ഏബ്രാം, റെജി കുരുവിള എന്നിവരുമായി നടത്തിയ ചർച്ചയിലാണ് പ്രശ്ന പരിഹാരമുണ്ടായത്. ഇന്നെത്തിച്ച മൃതദേഹം കൂടി സംസ്കരിച്ച ശേഷം അറ്റകുറ്റപ്പണിക്കായി ശ്മശാനം അടക്കുമെന്നും പുറമെ നിന്നുള്ള മൃതദേഹങ്ങൾ എത്തിച്ച് സംസ്ക്കരിക്കുന്നത് നിയന്ത്രിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും നഗരസഭാദ്ധ്യക്ഷ ഉറപ്പ് നൽകിയതോടെയാണ് പ്രദേശവാസികൾ പ്രതിഷേധം അവസാനിപ്പിച്ച് പിന്തിരിഞ്ഞത്.
-15 ദിവസങ്ങൾക്ക് മുമ്പ് അടച്ച ശ്‌മശാനം
തുറന്നത് ദിവസങ്ങൾക്ക് മുമ്പ്