തണ്ണിത്തോട്: ദീർഘകാലമായി തണ്ണിത്തോട് നിവാസികൾ അനുഭവിച്ച വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താൻ തണ്ണിത്തോട് കേന്ദ്രീകരിച്ച് കെ.എസ്.ഇ.ബി സബ് സെന്റർ ആരംഭിക്കാൻ ഉത്തരവായതായി അഡ്വ. കെ.യു ജനീഷ്‌കുമാർ എം.എൽ.എ അറിയിച്ചു. തടസം കൂടാതെ വൈദ്യുതി ലഭ്യമാക്കുകയാണ് ലക്ഷ്യം. തണ്ണിത്തോട് സെന്റർ യാഥാർത്ഥ്യമാകുന്നതോടെ മേഖലയിലെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമാകും. കോന്നി സബ്‌സ്റ്റേഷനിൽ നിന്നും കക്കാട് പവർഹൗസിൽ നിന്നും വൈദ്യുതി വിതരണം ചെയ്യാൻ കഴിയും. തണ്ണിത്തോട്, തേക്കുതോട്, നീലിപ്ലാവ് മേഖലകളിലെ 6000 ത്തോളം ഉപഭോക്താക്കൾക്കാണ് സെന്ററിന്റെ പ്രയോജനം ലഭിക്കുക. പത്തനംതിട്ട ഡിവിഷനിലെ കോന്നി മേഖല വിഭജിച്ചാണ് പുതിയ സബ് എൻജിനീയർ ഓഫീസ് സ്ഥാപിക്കുന്നത്. ഒരു ഓവർസിയർ ഉൾപ്പെടെ നാലു ജീവനക്കാരെ നിയമിക്കാനും ഉത്തരവായി. ജീവനക്കാരുടെ സേവനം 24 മണിക്കൂറും ലഭ്യമാകും. ഓവർസിയറെ കൂടാതെ രണ്ട് ലൈൻമാന്മാരും ഒരു ഇലക്ട്രിക്കൽ തൊഴിലാളിയുമാകും തണ്ണിത്തോട് സെന്ററിൽ ഉണ്ടാകുക.
നാളിതുവരെ വൈദ്യുതി തടസം നേരിടുമ്പോൾ തണ്ണിത്തോട് നിവാസികൾക്ക് പരാതി നൽകാൻ കോന്നി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൽ എത്തേണ്ട അവസ്ഥയായിരുന്നു.