maramon

പത്തനംതിട്ട :കൊവിഡ് 19 പശ്ചാത്തലത്തിൽ 14ന് ആരംഭിക്കുന്ന മാരാമൺ കൺവെൻഷനിൽ ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ ജില്ലാ കളക്ടർ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗം വിലയിരുത്തി. സർക്കാർ നിർദേശങ്ങൾ കൺവെൻഷനിൽ പൂർണമായി പാലിക്കുമെന്ന് മാർത്തോമ ഇവാഞ്ചലസ്റ്റിക്ക് അസോസിയേഷൻ ഭാരവാഹികൾ യോഗത്തിൽ പറഞ്ഞു.

കർശന നിയന്ത്രണങ്ങൾ


പമ്പയിലെ ജലനിരപ്പ് കൺവൻഷന് തടസമുണ്ടാകാത്ത രീതിയിൽ നിയന്ത്രിക്കുന്നതിന് വൈദ്യുതി വകുപ്പും പമ്പ ഇറിഗേഷൻ പ്രോജക്ടും ആവശ്യമായ എല്ലാ മുൻകരുതലും സ്വീകരിച്ചിട്ടുള്ളതായി ഉദ്യോഗസ്ഥർ യോഗത്തിൽ പറഞ്ഞു. ആരോഗ്യ വകുപ്പ് കൺവെൻഷൻ നഗറിൽ പ്രഥമ ശുശ്രൂഷയ്ക്കുള്ള മെഡിക്കൽ ടീമിനെ സജ്ജമാക്കും. കെ.എസ്.ആർ.ടി.സി ആവശ്യാനുസരണം സർവീസുകൾ നടത്തും. കൺവെൻഷൻ നഗറിലെ പാർക്കിംഗ്, ക്രമസമാധാന പാലനം, ഗതാഗത നിയന്ത്രണം, കൊവിഡ് പ്രോട്ടോക്കോൾ ലംഘനം നിരീക്ഷിക്കൽ എന്നിവ പൊലീസ് നിർവഹിക്കും.
അടൂർ ആർ.ഡി.ഒ ഹരികുമാർ, ഡെപ്യൂട്ടി കളക്ടർ ആർ.ഐ. ജ്യോതിലക്ഷ്മി, ഡിഎംഒ ഡോ. എ.എൽ. ഷീജ, മാർത്തോമ ഇവാഞ്ചലസ്റ്റിക്ക് അസോസിയേഷൻ ജനറൽ സെക്രട്ടറി റവ. ജോർജ് എബ്രഹാം, ഇവാഞ്ചലസ്റ്റിക്ക് അസോസിയേഷൻ ലേഖക സെക്രട്ടറി സി.വി. വർഗീസ്, ഇവാഞ്ചലസ്റ്റിക്ക് അസോസിയേഷൻ ട്രഷറർ അനിൽ മാരാമൺ, ഇവാഞ്ചലസ്റ്റിക്ക് അസോസിയേഷൻ മാനേജിംഗ് കമ്മറ്റി അംഗവും കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ അനിഷ് കുന്നപ്പുഴ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

കൊവിഡ് പ്രോട്ടോക്കോൾ ലംഘനം: മാരാമൺ
കൺവെൻഷനെതിരെ ഹൈക്കോടതിയിൽ ഹർജി

പത്തനംതിട്ട: കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് മാരാമൺ കൺവെൻഷൻ നടത്താൻ നീക്കം നടത്തുന്നതായി ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി. പൊതുപ്രവർത്തകനായ അടൂർ പ്ളാന്തുണ്ടിൽ ശിവദാസൻ നൽകിയ ഹർജിയിൽ മാർത്തോമ ഇവാഞ്ചലിക് അസോസിയേഷൻ ജനറൽ സെക്രട്ടറി നാളെ ഹാജരാകാൻ ഹൈക്കോടതി നോട്ടീസ് നൽകി. കൊവിഡ് പ്രോട്ടോക്കാേൾ പാലിച്ച് 200 പേർക്ക് പ്രവേശനം നൽകി കൺവെൻഷൻ നടത്താനാണ് സർക്കാർ അനുമതി നൽകിയിട്ടുള്ളത്. എന്നാൽ, ആയിരങ്ങൾക്ക് ഇരിക്കാൻ കഴിയുന്ന രീതിയിൽ പമ്പാ മണൽപ്പുറത്ത് പന്തലൊരുക്കിയതായി ഹർജിയിൽ പറയുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണിത്. 14ന് തുടങ്ങുന്ന കൺവെൻഷൻ 21നാണ് സമാപിക്കുന്നത്.