11-sreemadh-sachidhananda
അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ അഞ്ചാം ദിവസത്തെ പരിഷത്ത് ചാലക്കുടി ഗായത്രി ആശ്രമം മഠാധിപതി സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യുന്നു

ചെറുകോൽപ്പുഴ: വേദാന്തത്തിന്റെ പൊരുൾ അറിഞ്ഞവരാണ് ഭാരതീയ ഋഷിമാരെന്നും അവരുടെ ഉപദേശങ്ങളും ദർശനങ്ങളുമാണ് കുടുംബ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതെന്നും ചാലക്കുടി ഗായത്രി ആശ്രമം മഠാധിപതി സ്വാമി സച്ചിദാനന്ദ. അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ അഞ്ചാം ദിവസത്തെ പരിഷത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലെ കുടുംബ ജീവിതം മുന്നോട്ടു പോകുന്നതിന്റെ കാരണം ഗുരുക്കന്മാർ നമുക്കു പകർന്നു നൽകിയ വചനങ്ങളുടെ പിൻബലത്താലാണ്. ലോക നന്മ കാംക്ഷിച്ചാണ് ശങ്കരാചാര്യർ കൃതികൾ രചിച്ചത്.
ചട്ടമ്പിസ്വാമി, ശ്രീനാരായണ ഗുരു, സ്വാമി സദാനന്ദ എന്നിവർ ആത്മീയതയിൽ അടിസ്ഥാനമാക്കിയുള്ള ജീവിതചര്യയ്ക്കാണ് ഉപദേശം നൽകിയത്. ഈശ്വരൻ, ജീവൻ, ജഗത് എന്നിവയെല്ലാം തത്വ ദർശനങ്ങളാണ്. ഇത് അനുഭവ വേദ്യമാക്കിയാൽ സകല ദു:ഖങ്ങൾക്കും പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.
കേരള ഹിന്ദു പാഠശാല പ്രസിഡന്റ് വി.കെ. രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പ്രകാശ് കുമാർ ചരളേൽ, കെ.എസ്. സദാശിവൻ നായർ , വിഷ്ണു ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

ചെറുകോൽപ്പുഴയിൽ ഇന്ന്

രാവിലെ 7 മുതൽ 8 വരെ വിദ്യാധിരാജ സഹസ്രനാമജപം, 8 മുതൽ 9 വരെ ഭാഗവത പാരായണം, 3.30 മുതൽ 6.30 വരെ ആചാര്യാനുസ്മരണ സഭ. അദ്ധ്യക്ഷൻ : അഡ്വ. കെ. ഹരിദാസ് (ഹിന്ദു മത മഹാമണ്ഡലം വൈസ് പ്രസിഡന്റ്), മുഖ്യ പ്രഭാഷണം: ഡോ. കുമ്മനം രാജശേഖരൻ (മിസോറം മുൻ ഗവർണർ ), പ്രഭാഷണം: ഡോ. സുരേഷ് മാധവ്, ആദരിക്കൽ ചടങ്ങ് , 6.30ന് ആരതി , 7 മുതൽ 8 വരെ ഭജന.