അരുവാപ്പുലം: വനംവകുപ്പിന്റെ അരുവാപ്പുലം ചന്ദന വിൽപ്പന കേന്ദ്രത്തിലൂടെ ഇതുവരെ വിറ്റഴിച്ചത് 175 കിലോ ചന്ദനത്തടി. 11. 5 ലക്ഷം രൂപ വിൽപ്പനയിലൂടെ ലഭിച്ചു. 2018 ഒക്ടോബറിലാണിവിടെ ചന്ദനത്തടിയുടെ വിൽപ്പന ആരംഭിച്ചത്. ചന്ദനം സൂക്ഷിക്കുന്നതിനായി 30 ലക്ഷം രൂപ ചെലവഴിച്ചിവിടെ സംഭരണശാലയും അനുബന്ധ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. വനം വകുപ്പ് മറയൂരിൽ നിന്നെത്തിക്കുന്ന ചന്ദനമാണിവിടെ വിൽപ്പന നടത്തുന്നത്. വ്യക്തികൾക്ക് ഒരു കിലോയും ക്ഷേത്രങ്ങൾക്കും ലൈസൻസുള്ള മരുന്നുത്പാദകർ, കരകൗശല വിദഗ്ദ്ധർ എന്നിവർക്ക് ആവശ്യമനുസരിച്ചും ഇവിടെ നിന്ന് ചന്ദനം ലഭിക്കും. ശുദ്ധമായ ചന്ദനം തേടി ദിവസവും നിരവധി പേരാണ് ഇവിടെയെത്തുന്നത്. ഗോട്ട്‌ല, ബദ്രദാദ്, സാപ്പുവുഡ് ഇനങ്ങളിലെ ചന്ദനമാണ് വിൽക്കുന്നത്. ഇവയ്ക്ക് വ്യത്യസ്ഥ വിലകളുമാണ്. തിരിച്ചറിയൽ രേഖകളുമായാണ് ചന്ദനം വാങ്ങാനെത്തേണ്ടത്. ദിവസവും രാവിലെ 10.30 മുതൽ 3.30 വരെയാണ് വിൽപ്പന. അരുവാപ്പുലത്തിന് പുറമേ കുളത്തൂപ്പുഴ, വിട്ടൂർ, കണ്ണവം, ചാലിയം, ആലുവാകോട് എന്നിവിടങ്ങളിലാണ് വനംവകുപ്പിന് ചില്ലറ ചന്ദന വിൽപ്പന കേന്ദ്രങ്ങളുള്ളത്. അരുവാപ്പുലത്ത് ചന്ദന വിൽപ്പന തുടങ്ങിയത് ജില്ലയിലെ ക്ഷേത്ര ഭരണസമിതികൾക്ക് ഏറെ ആശ്വാസമാണ്. മുൻപ് ലേലംകൊള്ളുന്ന വൻകിടക്കാരിൽ നിന്ന് അമിത വില നൽകിയാണ് ക്ഷേത്രങ്ങളിലേക്ക് ചന്ദനം വാങ്ങിയിരുന്നത്. ലോക്ക് ഡൗൺ സമയത്ത് വിൽപ്പന കുറഞ്ഞെങ്കിലും ഇപ്പോൾ വീണ്ടും ആവശ്യക്കാരെത്തി തുടങ്ങി.
ചന്ദന ഇനം, വില (1കിലോയ്ക്ക് ) ക്രമത്തിൽ
ഗോട്ടില : 19, 555
ബർദ്രദാദ് : 16, 500
സാപ്പ് വുഡ് :1550
മോഷണ സാദ്ധ്യത കണക്കിലെടുത്ത് സംഭരണശാലയിലും വിപണന കേന്ദ്രത്തിലും വനം വകുപ്പ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.
എ.എസ്.അശോക് ,
റേഞ്ച് ഓഫീസർ